ഭീകരതക്ക് ചികിത്സ പ്രതിഭീകരതയല്ല

Posted on: May 26, 2015 6:00 am | Last updated: May 26, 2015 at 8:48 pm

SIRAJ.......ഞെട്ടലുളവാക്കുന്നതാണ് ഭീകരതക്കെതിരെ കാശ്മീരില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പുതിയ യുദ്ധതന്ത്രം. കാശ്മീരിലെ ഭീകരരെ പ്രതിരോധിക്കാന്‍ രാജ്യത്തിനകത്തെ ഭീകരരുടെ സഹായം തേടുകയാണത്രേ ഇന്ത്യന്‍ സൈന്യം. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ തന്നെയാണ് ഈ വിവരം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഈ തന്ത്രം ഫലപ്രദമായി പ്രയോഗിക്കുന്നുണ്ടെന്നും ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവഹാനി തടയാനാണിതെന്നും അദ്ദേഹം പറയുന്നു. ‘ഭീകരവാദത്തിലേക്ക് പലരും ആകര്‍ഷിക്കപ്പെടുന്നതിന് പിന്നില്‍ സാമ്പത്തിക താത്പര്യമാണ്. അത്തരം ആളുകളെ കിട്ടാനുണ്ടെങ്കില്‍ അവരെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ? എന്തിന് നമ്മുടെ പട്ടാളക്കാരെത്തന്നെ എപ്പോഴും മുന്നില്‍ നിര്‍ത്തണം?’ പരീക്കര്‍ ചോദിക്കുന്നു.
ഭീകരത തടയേണ്ടത് തന്നെ. എന്നാല്‍ പ്രതിഭീകരതയല്ല അതിന് പരിഹാരം. അംഗീകരിക്കാകുന്ന ഒരു നയമല്ല അത്. പൈശാചികവും ക്രൂരവുമായതുകൊണ്ടാണ് ഭീകരത വിമര്‍ശിക്കപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ സംഘടനകള്‍ നടത്തിയാലും സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ നടത്തിയാലും അധിക്ഷേപാര്‍ഹമാണ്. ശത്രുവിനെ നേരിടാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കുന്ന പ്രവണത നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരില്‍ വ്യാപകമായിട്ടുണ്ട്. ആ തന്ത്രമാണിപ്പോള്‍ സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ഇത്തരം വളഞ്ഞ വഴികളിലൂടെയല്ല, നിയമ വിധേയമായ നടപടികളിലൂടെയും മാനുഷിക താത്പര്യങ്ങള്‍ക്കനുസൃതമായ രീതിയിലും അനുനയത്തിന്റെ മാര്‍ഗേണയാണ് ഭീകരതയെയും തീവ്രവാദത്തെയും പ്രതിരോധിക്കേണ്ടത്. മറിച്ചുള്ള നീക്കങ്ങള്‍ വിപരീത ഫലമേ ഉളവാക്കുകയുള്ളുവെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കാശ്മീരിലെയും അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ഭീകരവാദികളെ നേരിടാനെന്ന പേരില്‍ സൈന്യം നടത്തുന്ന കൊടുംക്രൂരതകള്‍ അവിടങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജം നല്‍കുകയാണ് ചെയ്യുന്നത്.
ശത്രുരാജ്യത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ രാജ്യത്തിനകത്തെ ഭീകരരെ കൂട്ടുപിടിക്കുന്നത് അവരുടെ നിഷ്ഠൂരചെയ്തികള്‍ക്ക് അംഗീകാരമായി മാറുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്യും. കേരളത്തില്‍ അടുത്ത കാലത്തായി ക്വട്ടേഷന്‍ സംഘങ്ങളും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളും ശക്തമായതിനെക്കുറിച്ചു പഠനം നടത്തിയപ്പോള്‍, രാഷ്ട്രീയക്കാരിലും പോലീസിലും അവര്‍ക്കുള്ള സ്വാധീനമാണ് കാരണമെന്നാണ് കണ്ടെത്തിയത്. ഓരോ പ്രദേശത്തെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ആശ്രയിച്ചാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും വളര്‍ച്ചയും. പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയുള്ളവരും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുള്ളവരുമാണെങ്കില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അടങ്ങിയൊതുങ്ങിക്കഴിയും. മറിച്ചാണെങ്കില്‍ കൂടുതല്‍ സജീവമാകും. സൈനിക-ഭീകര അവിശുദ്ധ ബന്ധത്തിലും സംഭവിക്കാനിരിക്കുന്നത് ഇതാണ്. സൈന്യവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവര്‍ക്ക് ഊര്‍ജമായി മാറും.
ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഭീകരരെ മറയാക്കുകയാണെന്ന് കുറ്റപ്പെടുത്തിയവരാണ് നാം. അതിര്‍ത്തിയില്‍ ഭീകരരെ അണിനിരത്തി പരോക്ഷയുദ്ധത്തില്‍ ഏര്‍പ്പെടുകയാണ് പാക്കിസ്ഥാനെന്നാണ് ജയ്പൂരില്‍ രാജ്യാന്തര ഭീകരവിരുദ്ധ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചത്. ഇതവസാനിപ്പിക്കണമെന്നും പാക് സര്‍ക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ആ തെറ്റ് നമ്മളും പിന്തുടരുകയാണോ? ഇന്ത്യക്കെതിരെ നേരിട്ടുള്ള യുദ്ധത്തിന് കഴിവില്ലാത്തതുകൊണ്ടാണ് പാക് ഭരണകൂടം ഭീകരരെ നിയോഗിച്ച് ഒളിയുദ്ധം നടത്തുന്നതെന്ന് ജമ്മുകാശ്മീരിലെ ലേയില്‍ സൈനികരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ഭീകരരെ കൂട്ടുപിടിക്കുന്നത് നമ്മുടെ സൈന്യത്തിന്റെ ബലഹീനത കൊണ്ടാണോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരും.
ഭീകരത സ്വാതന്ത്ര്യമോ നീതിയോ നേടിത്തരികയില്ല. സ്വാതന്ത്ര്യസമരത്തിന്റെയോ വിമോചന പോരാട്ടത്തിന്റെയോ ഭാഗമാവുകയുമില്ല. യഥാര്‍ഥത്തില്‍ ഇത് സ്വാതന്ത്ര്യത്തെയും നീതിയേയും അപകടത്തിലാക്കുകയും പ്രതിലോമശക്തികളെ വളര്‍ത്തുകയുമാണ്. എന്നത് പോലെത്തന്നെയാണ് ഭരണകൂടുത്തിന്റെ പ്രതിഭീകരതയും. ലക്ഷ്യം കൈവരിച്ച ചരിത്രം പ്രതിഭീകരതക്കില്ല. മാത്രമല്ല, പലപ്പോഴും അത് ഉഗ്രത പ്രാപിച്ചു നിയന്ത്രണവിധേയമല്ലാതായി മാറുകയും ചെയ്യാറുണ്ട്. ബിന്‍ലാദന്റെ കാര്യത്തില്‍ അമേരിക്കക്ക് സംഭവിച്ചത് അതായിരുന്നല്ലോ. അഫ്ഗാനിലെ സോവിയറ്റ് ബിനാമി ഭരണകൂടത്തെ തകര്‍ക്കാന്‍ അമേരിക്ക വളര്‍ത്തിയ ബിന്‍ ലാദന്‍ അവസാനം അവര്‍ക്ക് തന്നെ ഭീഷണിയായി. നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങളെ തടയുകയും അത്തരക്കാരെ അമര്‍ച്ച ചെയ്യുകയും ചെയ്യേണ്ട ഭരണകൂടം സൈന്യത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഭീകരരെ വാടകക്കെടുക്കുന്നത് ഭീരുത്വമാണ്. ഇത്തരമൊരു നിലപാട് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയും ചെയ്യും. നയതന്ത്രജ്ഞതയും പക്വതയും പരീക്ഷിക്കപ്പെടുന്ന ഈ വിഷയത്തില്‍ തന്ത്രപരമായ സമീപനമാണ് വേണ്ടത്.