ദുബൈ ഡൗണ്‍ ടൗണ്‍ ഓപറ ഡിസ്ട്രിക്ടില്‍ കൂടുതല്‍ കെട്ടിടങ്ങള്‍

Posted on: May 26, 2015 6:00 pm | Last updated: May 26, 2015 at 6:47 pm

ദുബൈ: ദുബൈ ഡൗ ണ്‍ ടൗണില്‍ ഓപറ ഡിസ്ട്രിക്ടില്‍ ഇമാര്‍ പ്രോപ്പര്‍ടീസ് കൂറ്റന്‍ കെട്ടിട സമുച്ഛയം നിര്‍മിക്കും. ഓപറ ഡിസ്ട്രിക്ടിലെ രണ്ടാമത്തെ പദ്ധതിയാണിതെന്ന് ഇമാര്‍ പ്രോപ്പര്‍ടീസ് അറിയിച്ചു. ഇതോടൊപ്പംതന്നെ ദുബൈ, അബുദാബി, ലണ്ടന്‍ എന്നിവിടങ്ങളില്‍ വേറെയും പദ്ധതികള്‍ ആരംഭിക്കും. 2014ലാണ് ഓപറ ഡിസ്ട്രിക്ട് ആരംഭിച്ചത്. നിരവധി കെട്ടിടങ്ങള്‍ ഇവിടെ വരാനിരിക്കുകയാണ്. ഇമാര്‍ പ്രോപ്പര്‍ടീസിന്റെ 66 നില ടവറില്‍ 200 അപ്പാര്‍ട്‌മെന്റുകളാണ് ഉണ്ടാവുക. സിംഗിള്‍ ബെഡ്‌റൂം, ഡബിള്‍ ബെഡ്‌റൂം തുടങ്ങിയവ ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ കഴിയും. ചതുരശ്രയടിക്ക് 2500 മുതല്‍ 2800 വരെ ആണ് നിരക്ക് ഈടാക്കുക. ഇമാര്‍ പ്രോപ്പര്‍ടീസ് നേരത്തെ മുഹമ്മദ് ബിന്‍ റാശിദ് സിറ്റിയില്‍ കൂറ്റന്‍ കെട്ടിടം പ്രഖ്യാപിച്ചിരുന്നു.
ദുബൈ ഡൗണ്‍ ടൗണിലെ സാംസ്‌കാരിക കേന്ദ്രം എന്ന നിലക്കാണ് ദുബൈ സര്‍ക്കാര്‍ ഓപറ ഡിസ്ട്രിക്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഓപറ, തിയേറ്റര്‍, ആര്‍ട് എക്‌സിബിഷന്‍ കേന്ദ്രം തുടങ്ങിയവയാണ് ഇവിടെ പ്രദര്‍ശനത്തിനുണ്ടാവുക. 2000ത്തോളം സീറ്റുകളുള്ള ബഹുമുഖ ഓപറ തിയേറ്ററിലാണ് ഇവ പ്രദര്‍ശിപ്പിക്കുന്നത്.