International
ടോക്കിയോയില്‍ ശക്തമായ ഭൂചലനം; നാശനഷ്ടങ്ങളില്ല

ടോക്കിയോ: റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂകമ്പം ടോക്കിയോയെയും പരിസര പ്രദേശങ്ങളേയും പിടിച്ചു കുലുക്കി. നഗരത്തിലെ കെട്ടിടങ്ങളും ഭൂകമ്പത്തില്‍ കുലുങ്ങിയെങ്കിലും കെട്ടിടങ്ങള്‍ തകര്‍ന്നതോ ആളുകള്‍ക്ക് അപായം സംഭവിച്ചതോ ആയ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. താത്കാലികമായി നഗരത്തിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തിവെച്ചു. ജപ്പാനീസ് കാലാവസ്ഥാ ഏജന്‍സി സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും മിനിട്ടുകള്‍ക്കകം അറിയിപ്പ് പിന്‍വലിച്ചു. ടോക്കിയോയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സൈതാമ സംസ്ഥാനം കേന്ദ്രീകരിച്ച് തറ നിരപ്പില്‍ നിന്നും 50 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പം ഉടലെടുത്തത്.
ടോക്കിയോയിലെ 24 വാര്‍ഡുകളും സമീപ സംസ്ഥാനങ്ങളായ ഇബാറാക്കി, ടോച്ചിഗി, സൈതാമ, ഗുണ്‍മ എന്നിവയിലും ഭൂകമ്പം അനുഭവപ്പെട്ടു. ടോക്കിയോയിലെ പ്രധാന വൈദ്യോത്പാദന കേന്ദ്രമായ ഫുകുഷിമ ഡെയ്ച്ചി ആണവ നിലയം 2011 മാര്‍ച്ചിലെ സുനാമിക്ക് ശേഷം പലതവണ തകര്‍ന്നിരുന്നുവെങ്കിലും ഇന്നലെത്തെ ഭുചലനത്തെ തുടര്‍ന്ന് കേടുപടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ടെപ്‌കോ അറിയിച്ചു.