Health
65കാരിക്ക് ഒറ്റപ്രസവത്തില്‍ കണ്‍മണികള്‍ നാല്

ബെര്‍ലിന്‍: 13 കുട്ടികളുടെ മാതാവായ 65 വയസ്സുകാരിക്ക് ഒറ്റപ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു. ജര്‍മനിയിലാണ് സംഭവം. റൗനിഗ് എന്ന സ്ത്രീയാണ് വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയത്. ഇതോടെ ഇവരുടെ മക്കളുടെ എണ്ണം 17ആയി. ഒറ്റപ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ഏറ്റവും പ്രായം ചെന്ന സ്ത്രീ എന്ന ബഹുമതിയും ഇതോടെ ഇവര്‍ക്ക് സ്വന്തം.
ഒരു പെണ്‍കുട്ടിക്കും മൂന്ന് ആണ്‍കുട്ടികള്‍ക്കുമാണ് റൗനിഗ് ജന്മം നല്‍കിയത്. പത്ത് മാസം തികയുന്നതിന് മുമ്പായിരന്നു പ്രസവം. ബര്‍ലിനിലെ ആശുപത്രിയില്‍ സിസേറിയന്‍ വഴിയാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികള്‍ക്ക് 655 മുതല്‍ 960 ഗ്രാം വരെ തൂക്കമുണ്ടെന്നും കുട്ടികളും മാതാവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
9 വയസ്സ് മുതല്‍ 44 വയസ്സ് വരെ പ്രായമായ മക്കളും ഏഴ് പേരക്കുട്ടികളുമാണ് റൗനിഗിനുള്ളത്. ഇവരില്‍ ഒന്‍പത് വയസ്സുകാരിയായ ചെറിയ മകള്‍ക്ക് തനിക്ക് ഒരു അനിയത്തിക്കുട്ടിയെ വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഈ ആഗ്രഹത്തിന്റെ സാഫല്യത്തിനായാണ് റൗനിഗ് ഒരിക്കല്‍ കൂടി ഗര്‍ഭം ധരിച്ചത്. ഐ വി എഫ് ചികിത്സാരീതിയില്‍ ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിച്ചാണ് റൗനിഗ് ഗര്‍ഭിണിയായത്. ജര്‍മനിയിലെ നിയമം ഇതിന് അനുവദിക്കാത്തതിനാല്‍ അവര്‍ മറ്റൊരു രാജ്യത്തേക്ക് പോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.