ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: May 23, 2015 11:00 am | Last updated: May 24, 2015 at 10:48 am

jayalalitha-asks-labour-unionsചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എ ഐ എ ഡി എം കെ നേതാവ് ജെ ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 28 മന്ത്രിമാരാണു ജയലളിതയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇത് അഞ്ചാം തവണയാണ് ജയലളിത മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശെല്‍വം ഗവര്‍ണര്‍ കെ റോസയ്യയെ കണ്ട് രാജിക്കത്ത് നല്‍കിയതോടെയാണ് മുഖ്യമന്ത്രിയാകാന്‍ ജയലളിതയെ ക്ഷണിച്ചത്. പനീര്‍ശെല്‍വത്തിന്റെ രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ രാജ്ഭവനില്‍ എത്തിയ ജയലളിത, ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. 217 ദിവസത്തിനു ശേഷം ഇതാദ്യമായാണ് ജയലളിത പൊതുവേദിയില്‍ എത്തിയത്.

ഇന്നലെ രാവിലെ നടന്ന എ ഐ എ ഡി എം കെ. എം എല്‍ എമാരുടെ യോഗത്തില്‍ ജയലളിതയെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി ട്രഷററുമായ ഒ പനീര്‍ശെല്‍വമാണ് ജയലളിതയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം എം എല്‍ എമാരുടെ യോഗത്തില്‍ അവതരിപ്പിച്ചത്. വൈദ്യുതി മന്ത്രി എന്‍ ആര്‍ വിശ്വനാഥന്‍ പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയാണെന്ന് പനീര്‍ശെല്‍വം യോഗത്തില്‍ അറിയിച്ചു. ജയലളിതക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായതോടെ കഴിഞ്ഞ സെപ്തംബര്‍ 29നാണ് പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.
പാര്‍ട്ടി സ്ഥാപകന്‍ എം ജി രാമചന്ദ്രന്റെ പ്രതിമയില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തി. ജയലളിത മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാനത്തെ തെരുവുകളില്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവുമായി രംഗത്തെത്തി.
അതേസമയം, മദ്രാസ് സര്‍വകലാശാലയിലെ ചെപോക് ക്യാമ്പസില്‍ പോലീസ് സുരക്ഷ ശക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. ഭീഷണിയെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെയാണ് ജയലളിതക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിച്ചത്. കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമസഭാംഗത്വം നഷ്ടമായത്.