Connect with us

Kerala

സിദ്ദീഖ് മര്‍ദിച്ചെന്ന് ആദ്യ ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കി

Published

|

Last Updated

കോഴിക്കോട്: കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖിനെതിരെ ആദ്യ ഭാര്യ നസീമ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലെത്തിയ തന്നെയും മക്കളെയും സിദ്ദീഖ് മര്‍ദിച്ചെന്നാണ് ജില്ലാ പോലീസ് ചീഫ് പി എ വല്‍സന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് സംഭവം.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ സ്‌കാന്‍ ചെയ്യാനായി എത്തിയ താന്‍ മക്കള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കാന്റീനിലെത്തിയപ്പോള്‍ സിദ്ദീഖും രണ്ടാം ഭാര്യയുടെ സഹോദരങ്ങളും ചേര്‍ന്ന് അസഭ്യം പറഞ്ഞതായും ഇതിനിടെ സിദ്ദീഖ് മര്‍ദിച്ചതായും നസീമ പരാതിയില്‍ പറയുന്നു. കൂടാതെ, വധഭീഷണി മുഴക്കുകയും ചെയ്തു. മുന്‍ ഭര്‍ത്താവിന്റെ ഭീഷണി മൂലം ചികില്‍സക്ക് പോകാനും മക്കളെ സ്‌കൂളില്‍ വിടാനും ജോലി ചെയ്യാനും സാധിക്കുന്നില്ല. തന്റെയും കുട്ടികളുടെയും ജീവന്‍ സംരക്ഷിക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പുറമെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി. നേരത്തെ രണ്ട് മക്കള്‍ക്കും ക്യാന്‍സര്‍ രോഗിയായ തനിക്കും ചെലവിനു തരണമൊവശ്യപ്പെട്ട് നസീമ നല്‍കിയ ഹരജിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സിദ്ദീഖിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മര്‍ദിച്ചെന്ന പ്രചാരണം കളവാണെന്നും കുട്ടികളെ കാണാനുള്ള ശ്രമം നസീമ തടയുകയായിരുന്നെന്നും സിദ്ദീഖ് പറഞ്ഞു.

Latest