ഷാര്‍ജയില്‍ 86 പേരെ പിടികൂടി; അനധികൃത താമസക്കാര്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കി

Posted on: May 21, 2015 7:00 pm | Last updated: May 21, 2015 at 7:39 pm

ഷാര്‍ജ: അനധികൃത താമസക്കാരെ കണ്ടെത്താനുള്ള തിരച്ചില്‍ ഷാര്‍ജ പോലീസ് ശക്തമാക്കി. സജ വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
ഒരു മാസമായി ഇവിടെ നടത്തിയ തിരച്ചിലില്‍ വിസാ നിയമം ലംഘിച്ച 86 പേരെയാണ് പിടികൂടിയത്. താമസ കുടിയേറ്റ വകുപ്പും പോലീസിനൊപ്പം തിരച്ചിലില്‍ സഹകരിക്കുന്നുണ്ട്. നിയമം പാലിക്കാത്ത 68 സൈക്കിള്‍ യാത്രക്കാരെയും ഇവിടെ നിന്ന് പോലീസ് പിടികൂടുകയുണ്ടായി.
തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. വിസാനിയമം മാത്രമല്ല മറ്റു നിയമലംഘകരെയും കണ്ടെത്തുക തിരച്ചിലിന്റെ ലക്ഷ്യമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ മുഴുവന്‍ വ്യവസായ സ്ഥാപന ഉടമകളും പോലീസിനോട് സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.