Gulf
ബുര്‍ജ് അല്‍ അറബിന് ലോകത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ബഹുമതി

ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഹോട്ടലെന്ന ബഹുമതി ബുര്‍ജ് അല്‍ അറബിന്. ജുമൈറയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് ബുര്‍ജ് അല്‍ അറബ്. ഈ ബഹുമതി രണ്ടാം തവണയാണ് ബുര്‍ജ് അല്‍ അറബിനെ തേടിയെത്തുന്നത്. തുടര്‍ച്ചയായ ഒമ്പതാം തവണയും മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും മികച്ച ഹോട്ടലെന്ന പദവിയും ബുര്‍ജ് അല്‍ അറബ് ഇതോടൊപ്പം നിലനിര്‍ത്തി. ഹോട്ടലിന്റെ ഉടമസ്ഥരായ ജുമൈറ ഗ്രൂപ്പിന് വേണ്ടി പ്രസിഡന്റും സി ഇ ഒയുമായ ജറാള്‍ഡ് ലോ ലെസും അസി. ഗസ്റ്റ് റിലേഷന്‍സ് മാനേജര്‍ മിലാനി ബിസ്‌കും അംഗീകാരം ഏറ്റുവാങ്ങി. പ്രമുഖ പ്രസിദ്ധീകരണമായ ടെലഗ്രാഫിന്റെ ആഢംബര ട്രാവല്‍ മാഗസിനായ അള്‍ട്രാവെല്ലിന്റെ വായനക്കാര്‍ക്കിടയില്‍ നടത്തുന്ന വോട്ടിംഗിലൂടെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിനെ കണ്ടെത്തുന്നത്.
ലോകം മുഴുവന്‍ സഞ്ചരിക്കുകയും സത്യസന്ധമായി ഹോട്ടലുകളെക്കുറിച്ച് അഭിപ്രായം അറിയിക്കുകയും ചെയ്തവരില്‍ നിന്നാണ് ബുര്‍ജ് അറബ് ഒന്നാമതെത്തിയത്. ഏറ്റവും നല്ല ഹോട്ടലിന് പുറമെ ഏറ്റവും മികച്ച വിമാനക്കമ്പനി, ക്രൂയിസ് കമ്പനി, സ്പാ ആന്‍ഡ് ഡെസ്റ്റിനേഷന്‍ തുടങ്ങി 20 വിഭാഗങ്ങളിലുളള ലോകത്തെ മികച്ച സ്ഥാപനങ്ങളെയും അള്‍ട്ര ട്രാവല്‍ വായനക്കാര്‍ ബുര്‍ജ് അല്‍ അറബിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അംഗീകാരം വീണ്ടും തേടിയെത്തിയതില്‍ അതിയായി സന്തോഷിക്കുന്നതായി ജറാള്‍ഡ് ലോ ലെസ് വ്യക്തമാക്കി. മൂന്നാം തവണയും അവാര്‍ഡ് ലഭിച്ചിരിക്കുന്നത് ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ ഒരു അംഗീകാരം തേടിയെത്താന്‍ ഇടയാക്കിയ ഹോട്ടല്‍ അതിഥികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.