Gulf
സന്ദര്‍ശനത്തിനെത്തുന്നവര്‍ വിസാ കാലാവധി സ്വയം പരിശോധിക്കണം

ദുബൈ: ദുബൈ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ വിസയുടെ കാലാവധി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. വിസ സംബന്ധിച്ച് പലര്‍ക്കും അജ്ഞത ഉണ്ടാകാറുണ്ടെന്നും തട്ടിപ്പ് നടത്തുന്ന ചില ഗൂഢ സംഘങ്ങളുടെ ചതിക്കുഴിയില്‍ പെട്ടുപോകാറുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് കമ്പനികളില്‍ നിന്നാണെങ്കില്‍ അംഗീകൃത കമ്പനികളില്‍ നിന്ന് മാത്രമേ വിസ സ്വീകരിക്കാന്‍ പാടുള്ളു. ഔദ്യോഗിക വഴിയിലൂടെ മാത്രമേ രാജ്യത്ത് പ്രവേശക്കാന്‍ പാടുള്ളു. ആഭ്യന്തര മന്ത്രാലയം നിശ്കര്‍ഷിച്ച ഫീസ് മാത്രമേ കൊടുക്കാവൂ. ചില തട്ടിപ്പു സംഘങ്ങള്‍ 10,000 ദിര്‍ഹം വരെ സന്ദര്‍ശക വിസക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
വിസാ സംബന്ധമായ സംശയ നിവാരണത്തിന് താമസ കുടിയേറ്റ വകുപ്പ് 8005111 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ താമസ കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധന നടത്താവുന്നതാണ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകണമെങ്കില്‍ വിസയുണ്ട് എന്ന് യാത്രക്കാരനും ടിക്കറ്റ് നല്‍കുന്ന ട്രാവല്‍ ഏജന്‍സിയും ഉറപ്പ് വരുത്തണം. ടിക്കറ്റ് നല്‍കുന്നതിന് മുമ്പ് തന്നെ ട്രാവല്‍ ഏജന്റുമാര്‍ ജി ഡി ആര്‍ എഫ് എ – ദുബൈ എന്ന വെബ്‌സൈറ്റില്‍ പരിശോധന നടത്തണം. സന്ദര്‍ശക വിസയിലും തൊഴില്‍ വിസയിലും എത്തുന്ന ആളുകളെ സംബന്ധിച്ച് ദുബൈ വിമാനത്താവളവും എയര്‍ലൈനറുകളും തമ്മില്‍ ആശയ വിനിമയം ഉണ്ടാകണം. സന്ദര്‍ശക വിസ സ്വീകരിക്കുന്നത് അംഗീകൃത ടൂറിസ്റ്റ് കമ്പനികളില്‍ നിന്ന് ആയിരിക്കണം. ഇത് യാത്രക്കാരനും ബോധ്യം വേണം, മേജര്‍ ജനറല്‍ പറഞ്ഞു. താമസ കുടിയേറ്റ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങള്‍ മേജര്‍ ജനറല്‍ പരിശോധിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്വതന്ത്ര മേഖല, ദേരയിലെ അല്‍ തവാര്‍ സെന്റര്‍, ബര്‍ദുബൈയിലെ അല്‍ മനാറ സെന്റര്‍ എന്നിവിടങ്ങളില്‍ ആണ് പരിശോധന നടത്തിയത്. അസി. ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലാഹ് സൈഫ് ബിന്‍ സല്ലൂം മേജര്‍ ജനറലിനോടൊപ്പം ഉണ്ടായിരുന്നു. ഈ കേന്ദ്രങ്ങളില്‍ ഇടപാടുകള്‍ക്കെത്തിയ ആളുകളുമായും മേജര്‍ ജനറല്‍ സംസാരിച്ചു.