ജമാഅത്ത് നേതാവിന്റെ സാമ്പത്തിക തിരിമറി; ജസ്റ്റിസ് മഅ്ദനി ഫോറം പിരിച്ചുവിടുന്നു

Posted on: May 21, 2015 3:57 pm | Last updated: May 21, 2015 at 4:04 pm

madaniകൊല്ലം: അബ്ദുന്നാസര്‍ മഅ്ദനിയെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ നിയമപരമായും സാമ്പത്തികമായും സഹായിക്കാനായി രൂപവത്കരിച്ച ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം’ ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക തിരിമറി മൂലം നിര്‍ജീവമായി.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എച്ച് ഷഹീര്‍ മൗലവിക്കെതിരെ തന്നെ ഫോറം പ്രവര്‍ത്തകര്‍ ഇതു സംബന്ധമായ ആരോപണവുമായി രംഗത്തു വന്നു. മഅ്ദനി 2013 മാര്‍ച്ചില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം ബെംഗളൂരുവില്‍ നിന്നുള്ള യാത്ര മുതല്‍ ആദ്യാന്തം വരെ ഷഹീര്‍ മൗലവി ഉണ്ടായിരുന്നു. വിമാന മാര്‍ഗമെത്തിയ മഅ്ദനിയെ അനുഗമിച്ച ഷഹീര്‍ മൗലവി സ്വന്തം ചെലവിലാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു മഅ്ദനി ഫോറത്തിന്റെ പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍, മഅ്ദനിയുടെ കേസ് നടത്തിപ്പിനായി പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് മൗലവി വിമാനയാത്രയടക്കം നടത്തിയതെന്നറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ഫോറം പ്രവര്‍ത്തകരും പി ഡി പി പ്രവര്‍ത്തകരും ചോദ്യം ചെയ്തു തുടങ്ങിയതോടെയാണ് ജസ്റ്റിസ് ഫോറത്തിന്റെ പ്രവര്‍ത്തനം നിശ്ചലമായത്.

സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായിരുന്നെങ്കിലും ജനറല്‍ കണ്‍വീനറായിരുന്ന ഷഹീര്‍ മൗലവിയും ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. കെ പി മുഹമ്മദുമായിരുന്നു ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയിരുന്നത്. സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ മഅ്ദനിയുടെ കേസ് നടത്തിപ്പിനായി പള്ളികളില്‍ നിന്നും മറ്റും പിരിച്ചെടുത്ത പണം തിരുവനന്തപുരത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിക്ഷേപിക്കുകയും ഇതിന്റെ ലാഭവിഹിതം വാങ്ങുകയും ചെയ്തായി വ്യക്തമായി. ഇത്തരത്തില്‍ 50 ലക്ഷത്തോളം രൂപ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരം ഫോറം പ്രവര്‍ത്തകര്‍ക്കിടെയില്‍ പ്രചാരണം നടന്നതോടെ ഷഹീര്‍ മൗലവിക്കെതിരെ എതിര്‍പ്പ് ശക്തമായി. സെബാസ്റ്റ്യന്‍പോള്‍ ഇത്തരം നടപടികള്‍ക്ക് കൂട്ട് നില്‍ക്കാനാകില്ലെന്ന് ശക്തമായി പറയുകയും ഇവരുടെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായും ഫോറത്തിന്റെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവം വിവാദമാകുമെന്ന് കണ്ട് ജമാഅത്ത് അമീറായിരുന്ന ടി ആരിഫലി അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടെങ്കിലും ഫലം കാണാതെ പോകുകയായിരുന്നു. മഅ്ദനിക്ക് വേണ്ടി പിരിച്ചെടുത്ത പണം ഫോറം ജനറല്‍ കണ്‍വീനറുടെ കൈവശമുണ്ടായിട്ടും കേസ് നടത്തിപ്പിന് പണം ചെലവാക്കുന്നതില്‍ വിമുഖത കാട്ടിയതും പ്രതിഷേധത്തിന് കാരണമായി. കേസിന്റെ ആദ്യഘട്ടങ്ങളില്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം മുസ്‌ലിം പള്ളികള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും മഅ്ദനിയുടെ മോചനത്തിനായി ബെംഗളൂര്‍ അടക്കമുളള സ്ഥലങ്ങളില്‍ ക്യാമ്പയിന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ജീവമായിരിക്കുകയാണ്. 2010 ആഗസ്റ്റ് 17ന് മഅ്ദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം എതാനും ദിവസങ്ങള്‍ക്കകം കൊല്ലം പ്രസ് ക്ലബ്ബില്‍ വെച്ചായിരുന്നു ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപവത്കരിച്ചത്. തീവ്രവാദ, വര്‍ഗീയ നിലപാട് വെച്ചു പുലര്‍ത്തുന്നതിനാല്‍ മുസ്‌ലിം മുഖ്യധാരയിലേക്ക് കടന്നുവരാന്‍ കഴിയാതിരുന്ന ജമാഅത്തെ ഇസ്‌ലാമി, മഅ്ദനി അറസ്റ്റിലായതോടെ ഉണ്ടായ സഹതാപതരംഗത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ സ്വാധീനം ശക്തമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫോറം രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തതെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു.
ഷഹീര്‍ മൗലവിക്ക് പുറമെ സോളിഡാരിറ്റി നേതാവ് ടി മൂഹമ്മദ് വേളം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അടക്കം 15 അംഗങ്ങളുള്ള ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ അപ്രമാദിത്വത്തില്‍ പി ഡി പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് പുറത്താകുമെന്ന് വന്നതോടെ ഫോറം പിരിച്ച് വിട്ട് കൈകഴുകാനാണ് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം ഇന്നലെ ഫോറം നേതാക്കളുടെ നേതൃത്വത്തില്‍ അന്‍വാര്‍ശേരിയില്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. എന്നാല്‍ സന്ദര്‍ശക തിരക്ക് കാരണം ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ, ആരോപണങ്ങളെക്കുറിച്ചോ മഅ്ദനിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.

ആരോപണത്തില്‍ വസ്തുതകളുണ്ട്: സെബാസ്റ്റ്യന്‍ പോള്‍

കൊല്ലം: ജസ്റ്റിസ് മഅ്ദനി ഫോറത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലെങ്കിലും ചില വസ്തുതകളുണ്ടെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പോള്‍ സിറാജിനോട് പറഞ്ഞു.
കണക്കുകളെല്ലാം കൃത്യമാണെന്നും എന്നാല്‍, അഭിഭാഷകര്‍ക്ക് പ്രതിഫലം കൊടുക്കുന്നതിന് രസീത് ലഭ്യമാകാത്തതിനാല്‍ രേഖപ്പെടുത്തുന്നതില്‍ ചില സാങ്കേതി പ്രശ്‌നങ്ങളുണ്ടായിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ ലക്ഷ്യം മഅ്ദനിക്ക് നീതി ലഭ്യമാക്കുകയെന്നതായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് ജാമ്യം കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള കാര്യങ്ങള്‍ അദ്ദേഹം നോക്കിക്കൊള്ളുമെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പിരിച്ച് വിട്ടിട്ടില്ലെന്നും പേര് മാറ്റി നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന് ഫോറം അംഗങ്ങളില്‍ ചിലര്‍ അഭിപ്രായമുയര്‍ത്തിയിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇന്നലെ അന്‍വാര്‍ശേരിയിലെത്തി അദ്ദേഹം മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനം ലഭിക്കാത്തവര്‍: ഷഹീര്‍ മൗലവി

കൊല്ലം: ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ പേരില്‍ തനിക്കെതിരായി ഇത് വരെ ആരോപണങ്ങളൊന്നും കേട്ടിട്ടില്ലെന്ന് ഫോറം ജനറല്‍ കണ്‍വീനറും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ എച്ച് ഷഹീര്‍ മൗലവി. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരോ, അല്ലെങ്കില്‍ അത് ആഗ്രഹിച്ച് കിട്ടാത്തവരോ ആണ് ആരോപണം ഉന്നയിക്കുന്നത്. ഒരു ചെറിയ ചായകുടിച്ചതിന്റെ കണക്ക് വരെ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കണക്ക് കാര്യങ്ങളിലൊന്നും ആര്‍ക്കും സംശയമില്ല. പി ഡി പി നേതാവ് സാബുകൊട്ടാരക്കര, മഅ്ദനിയുടെ അനുജന്‍ ജമാല്‍ മുഹമ്മദ്, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് അഡ്വ. കെ പി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ കണക്കുകളെഴുതി, അത് കമ്മിറ്റിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഷഹീര്‍ മൗലവി പറഞ്ഞു.