Kerala
സൗജന്യചികിത്സ: ബി പി എല്‍ കാര്‍ഡുകള്‍ ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യപരമായ അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം വിനിയോഗിക്കാവുന്ന തരത്തില്‍ ബി പി എല്‍ കാര്‍ഡില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി പി എല്‍ കാര്‍ഡുകള്‍ സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുദ്ധിപരമായ പരിമിതിയുള്ളവര്‍, അംഗപരിമിതര്‍, മറ്റ് സാരമായ രോഗം ബാധിച്ചവര്‍ തുടങ്ങി പലതരത്തില്‍ രോഗ പീഡനം നേരിടുന്നവരെ റേഷന്‍ കാര്‍ഡില്‍ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനൊപ്പം പ്രധാനമാണ് ആരോഗ്യപരമായ കാര്യങ്ങള്‍.
മാരകമായ അസുഖമുള്ളവര്‍ ബി പി എല്‍ കാര്‍ഡിന്റെ പരിധിയില്‍ വരുമ്പോള്‍ അവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകും. ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ കാര്‍ഡുകളുടെ ക്രമീകരണം ഏര്‍പ്പെടുത്തും. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ സി ജോസഫ്, അനൂപ് ജേക്കബ് ഉന്നതഉദ്യോഗസ്ഥര്‍ പങ്കെടുത്തു.