Kannur
ചെലവ് കുറച്ച്് മുഖം മിനുക്കാന്‍ സര്‍ക്കാര്‍ വക ബ്യൂട്ടി ക്ലിനിക്ക്

കണ്ണൂര്‍: വലിയ പണച്ചിലവില്ലാതെ മുഖം മിനുക്കി ഒരുങ്ങിയിറങ്ങാന്‍ സര്‍ക്കാര്‍ വക ബ്യൂട്ടി പാര്‍ലര്‍. സംസ്ഥാനത്താദ്യമായി കണ്ണൂരിലാണ് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ചര്‍മ്മ സംരക്ഷണം മുന്‍നിര്‍ത്തി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നത്. മുടികൊഴിച്ചില്‍, ചര്‍മ്മരോഗം തുടങ്ങിയവക്കുള്ള ചികിത്സയും കണ്ണിന്റെ സൗന്ദര്യം, ദന്തസംരക്ഷണം, ആകാരവടിവ് തുടങ്ങി സൗന്ദര്യവര്‍ധനക്കുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ലഭ്യമാകുന്ന ക്ലിനിക്കില്‍ ആയുര്‍വേദം അനുശാസിക്കുന്ന രീതിയിലായിരിക്കും ചികിത്സ നടത്തുക. ആയുര്‍ വേദ വിധി പ്രകാരം കൃത്യമായ പച്ചമരുന്നുകളും ചേരുവകളും ഉപയോഗപ്പെടുത്തിയായിരിക്കും ചികിത്സ. മഞ്ഞളും കറുകയും പോലെ എളുപ്പം ലഭ്യമാകുന്ന ചേരുവകളും ഇലക്കൂട്ടുകളുമാണ് ചികിത്സക്കായി പ്രയോജനപ്പെടുത്തുന്നത്.
ചെലവേറിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കില്ല.ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാറുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിനും ഹോര്‍മോണ്‍ വ്യതിയാനം മുഖക്കുരുവിനും കാരണമാകുന്നത് ഇങ്ങനെയാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പിന്നിലെ യഥാര്‍ത്ഥ കാരണം മാനസിക സമ്മര്‍ദ്ദമാണ്. സാധാരണ ബ്യൂട്ടി പാര്‍ലറുകളില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ആയുര്‍വേദ ആശുപത്രിയില്‍ സൗന്ദര്യവര്‍ധനക്കായുള്ള ചികിത്സയോടൊപ്പം സൗന്ദര്യ പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ അന്വേഷിച്ചറിഞ്ഞ് അതിനുള്ള ചികിത്സയും കൂടിയാണ് നല്‍കുകയെന്ന്് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഡയറ്റീഷ്യന്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. ലേപനം ചെയ്യുന്ന സൗന്ദര്യവര്‍ധക വസ്തുക്കളോടൊപ്പം അകത്തു കഴിക്കുന്നതിനുള്ള മരുന്നും നല്‍കും. സാധാരണ ബ്യൂട്ടി പാര്‍ലറുകളില്‍ ലഭിക്കുന്നതുപോലുള്ള ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവക്കു പുറമേ കുഴിനഖം, വരണ്ടതും എണ്ണമയമുള്ളതുമായ ചര്‍മ്മത്തിനുള്ള പരിചരണം, അകാലനര, താരന്‍, മുടികൊഴിച്ചില്‍ തുടങ്ങി തലമുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സ തുടങ്ങിയവക്കുള്ള സൗകര്യം ക്ലിനിക്കില്‍ ഉണ്ടാകും. തുടര്‍ പരിചരണത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കും. കോസ്‌മെറ്റോളജിയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ഓരോ വിഷയവും കൈകാര്യം ചെയ്യുക. ബ്യൂട്ടി ക്ലിനിക്കിന്റെ പ്രവര്‍ത്തനം കണ്ണൂരില്‍ ജൂണ്‍ മാസത്തോടെ തുടങ്ങാനാണ് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആശുപത്രിയിലെ ഫിസിയോതെറാപ്പി, സൈക്കോളജി, ഡയറ്റീഷ്യന്‍ വിഭാഗങ്ങളുമായി ചേര്‍ന്നാണ് കോസ്‌മെറ്റോളജി വിഭാഗം തുടങ്ങുന്നതെന്നും പദ്ധതിക്കായുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്നും ഭാരതീയ ചികിത്സാവിഭാഗം കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി സുരേഷ് പറഞ്ഞു.