Connect with us

Articles

ചൂഷണക്കളത്തിലേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കും മുമ്പ്

Published

|

Last Updated

ബാലവേല നിയമവിരുദ്ധം മാത്രമല്ല, അധാര്‍മികവും മനുഷ്യത്വരഹിതവുമായ ഒരു സമ്പ്രദായമാണെന്ന് പരിഷ്‌കൃതലോകം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ഭാരത പൈതൃകത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെട്ട് അധികാരത്തിലേറിയ കേന്ദ്ര മോദി സര്‍ക്കാര്‍, നികൃഷ്ടമായ ബാലവേല തിരിച്ചുകൊണ്ടുവരാനുളള നീക്കത്തിലാണെന്നറിയുമ്പോള്‍ നാം ഏങ്ങോട്ടാണ് പോകുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ടൂറിസ്റ്റ്-വിനോദ വ്യവസായങ്ങളിലും വീട്ടകങ്ങളിലും പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 2012ലെ ബാലവേല നിയമഭേദഗതി (നിരോധനവും നിയന്ത്രണവും )യിലാണ് ബി ജെ പി സര്‍ക്കാര്‍ മാറ്റം കൊണ്ടുവരാന്‍ പോകുന്നത്.
നമ്മുടെ രാജ്യത്ത് സമ്പൂര്‍ണ ബാലവേല നിരോധം അസാധ്യമാണെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയ പറയുന്നത്. കുടുംബങ്ങളില്‍ കുട്ടികള്‍ വീട്ടുകാരെ സഹായിക്കുന്ന പണികള്‍ ചെയ്യുന്നുണ്ടത്രേ. അതുകൊണ്ട് സ്‌കൂള്‍ സമയം കഴിഞ്ഞും അവധിക്കാലത്തും കുട്ടികളെ പണിക്കയക്കാമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. പരമ്പരാഗത തൊഴിലുകളില്‍ കുട്ടികളെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി പുതിയ ബില്‍ തയ്യാറാക്കി വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ബാലനീതിയെ കൊല്ലുന്നു
നഗ്നമായ ഭരണഘടനാ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ പോകുന്നതെന്ന് വ്യക്തമാണ്. കുട്ടികള്‍ക്കു മേലെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ബാലനീതി നിയമം പാസ്സാക്കിയ രാജ്യമാണ് ഇന്ത്യ. 1986ലെ ബാലനീതി നിയമത്തിലെ പഴുതുകള്‍ അടച്ചുകൊണ്ടാണ് അവരുടെ അവകാശ സംരക്ഷണത്തിനും ഏറെക്കുറെ ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെട്ട പുതിയ നിയമം 2000-മാണ്ടില്‍ പാസ്സാക്കിയത്. ആ നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തിയെങ്കിലും ബാലവേലക്ക് നിയമപ്രാബല്യം കൊടുക്കുന്ന ഒരു വകുപ്പും ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബാലനീതിയെ കൊല്ലുന്ന ക്രൂരമായ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ പോകുന്നത്.
സമൂഹം അംഗീകരിക്കുമോ?

കുട്ടികളോട് ക്രൂരത കാണിക്കുന്നതും അവരെ സംരക്ഷിക്കാതിരിക്കുന്നതും അവരെ യാചക വൃത്തിക്കുപയോഗിക്കുന്നതും അവര്‍ക്ക് മയക്കുമരുന്നും മറ്റും നല്‍കുന്നതും അവരെക്കൊണ്ട് ജോലിചെയ്യിക്കുന്നതും ഒരേ പോലെ കുറ്റകരമാണ്. 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതിന് നിയമം വാതില്‍ തുറന്നുകൊടുത്താല്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. ബാലവേല നിരോധിക്കപ്പെട്ട ഈ രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ ബാലവേലകള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന കാര്യം മോദി സര്‍ക്കാരിന് അറിയാഞ്ഞിട്ടാണോ ? അങ്ങനെയൊരു രാജ്യത്താണ് നിയമഭേദഗതിയിലൂടെ ചൂഷണത്തിന് പഴുതുകള്‍ തുറന്നുകൊടുക്കുന്നത്. അക്ഷന്തവ്യമായ കുറ്റകൃത്യമാണ് കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്.
കുടുംബങ്ങളില്‍ ജോലിചെയ്യിക്കാമെന്ന വ്യവസ്ഥയാണ് പുതിയ ഭേദഗതിയിലെ ഹൈലൈറ്റ്. കുട്ടികള്‍ പീഡനത്തിനിരയാകുന്ന സ്ഥലങ്ങളിലൊന്നാണ് വീടുകള്‍ എന്ന് ആര്‍ക്കാണ് അറിയാത്തത്? അവിടെ ലൈംഗിക ചൂഷണങ്ങള്‍ നിരന്തരം നടക്കുന്നു. മാനസിക പീഡനങ്ങള്‍ എണ്ണമറ്റ നിലയിലാണ്. തൊഴിലിടങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുകൂടാതെ കടകളിലും ഫാക്ടറികളിലും ലക്ഷക്കണക്കിന് കുരുന്നുകളുടെ ജീവിതം ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തടയാന്‍ ഒരു നിയമത്തിനും കഴിയുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍, വീടുകളും മറ്റ് സ്ഥാപനങ്ങളും കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാവുന്ന സ്ഥലങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിധിയെഴുതിയാല്‍ സമൂഹം അത് അംഗീകരിക്കണമോ ?
ഇതോ ഭാരത സംസ്‌കാരം?
സ്‌കൂള്‍ സമയം കഴിഞ്ഞാല്‍, വെക്കേഷന്‍ കിട്ടിയാല്‍ അതുടനേ കുട്ടികളെ പണിയെടുപ്പിക്കാന്‍ വിനിയോഗിക്കണമെന്ന് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വക്താക്കള്‍ക്ക് ആരാണ് പറഞ്ഞുകൊടുത്തത് ? സ്‌കൂളില്‍ പോകാന്‍ കഴിയാതെ, ദാരിദ്ര്യം മൂലം തൊഴിലിടങ്ങളില്‍ കൂലിപ്പണിക്കുപോയി തുച്ഛമായ തുകമാത്രം സമ്പാദിച്ച് ജീവിതം പാതി വഴിയില്‍ അവസാനിപ്പിക്കുന്ന അനേകായിരം കുട്ടികളുടെ നാടാണ് ഭാരതം. ഇതിനെയാണോ ഭാരത സംസ്‌കാരമെന്ന് വിളിക്കുന്നത് ?
ഈ ബില്‍ മൂലം ബാലവേല നിയമപ്രാബല്യത്തില്‍ കൊണ്ടുവരാനേ ഉതകൂ. സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരുത്തും. നിര്‍ധന പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കുന്ന സമ്പ്രദായം ചില സംസ്ഥാനങ്ങളിലെങ്കിലും അവസാനിച്ചുവെന്നും വരാം. ആണ്‍കുട്ടികള്‍ പണിശാലകളിലേക്ക് രാവിലെ മുതല്‍ പോകണമെന്ന സ്ഥിതിയും ഉടലെടുക്കും. ക്രമേണ, എല്ലായിടങ്ങളിലും ബാലവേല നടത്താമെന്ന സ്ഥിതി വളരെവേഗം സംജാതമാകും.
വാസ്തവത്തില്‍, സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഫാക്ടറികളിലും കടകളിലും പാടത്തും പണിയെടുക്കാന്‍ നിര്‍ബന്ധിതരായി കഴിയുന്ന ലക്ഷക്കണക്കിന് കുരുന്നുകളെ മോചിപ്പിക്കാനുള്ള നടപടികളാണ്. തൊഴിലുടമകള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണം. അങ്ങനെയൊരു സംഭവമേ നടന്നതായി വാര്‍ത്തകള്‍ കണ്ടിട്ടില്ല. വിനോദ വ്യവസായ മേഖലകളില്‍ കുട്ടികള്‍ പണിയെടുക്കണമെന്ന സ്ഥിതി വന്നാല്‍, കുട്ടികളുടെ അധ്വാനശക്തി മാത്രമല്ല ചൂഷണം ചെയ്യപ്പെടാന്‍ പോകുന്നത്, അവരുടെ ലൈംഗികത കൂടിയാണ്. എത്രയോ നാളുകളായി അതിനെല്ലാം നിശ്ശബ്ദസാക്ഷികളാണ് ഇന്ത്യയിലെ ജനങ്ങള്‍.
ഈ ബില്‍ പാസ്സാക്കാന്‍ അനുവദിക്കരുത്

നമ്മുടെ ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ കുട്ടികളുടെ സംരക്ഷണത്തില്‍ ഭരണകൂടത്തിനുള്ള പങ്ക് പ്രത്യേകം എടുത്തുപറയുന്നുണ്ട്. അന്താരാഷ്ട്ര കണ്‍വന്‍ഷനുകളിലെല്ലാം കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അതത് രാഷ്ട്രങ്ങള്‍ക്ക് ചുമതലയുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതൊന്നും മോദി സര്‍ക്കാറിന് ബാധകമല്ല എന്നുണ്ടോ ?
എന്തായാലും, നമ്മുടെ രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന അതിഭീകരമായ ഈ മനുഷ്യാവകാശ ധ്വംസത്തിനെതിരെ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. ഈ ബില്‍ നിയമമാകാന്‍ പാടില്ല. മനുഷ്യത്വം അവശേഷിക്കുന്നുണ്ടെങ്കില്‍ ബി ജെ പി സര്‍ക്കാര്‍ ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മുതിരരുത്. മറിച്ച് സംഭവിച്ചാല്‍ നമ്മുടെ രാജ്യത്തെ കുട്ടികളുടെ ദാരുണമായ അന്ത്യത്തിന് ജനത സാക്ഷികളാകേണ്ടി വരും. അതിനാല്‍, പ്രതിപക്ഷ സംഘടനകള്‍ ഒത്തൊരുമിച്ച് ഇരു സഭകളിലും ഈ ബില്ലിനെ ചെറുക്കാന്‍ മുന്നോട്ടുവരണം. അതോടൊപ്പം, മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത, പൊതുസമൂഹം രംഗത്തുവരണം. കോര്‍പ്പറേറ്റുകളുടെ കണ്ണില്‍ ചോരയില്ലാത്ത കയ്യേറ്റങ്ങള്‍ക്ക്, ചൂഷണങ്ങള്‍ക്ക് ഇരകളാകാന്‍ നമ്മുടെ കുട്ടികളെ വിട്ടുകൊടുക്കില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കണം.

Latest