Ongoing News
മറിയം റാഫിയുടെ സ്വപ്നം പൂവണിഞ്ഞു

ആലുവ: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് ആലുവ തോട്ടയ്ക്കാട്ടുകര നമ്പിപുന്നിലത്ത് വീട്ടില്‍ എന്‍ എ റാഫി- അന്‍സി റാഫി ദമ്പതികളുടെ രണ്ടാമത്തെ മകള്‍ മറിയം റാഫിക്ക്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരിക്കലും രണ്ടാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മറിയം റാഫി പറഞ്ഞു. കഴിഞ്ഞ തവണ പ്രവേശന പരീക്ഷയെഴുതിയെങ്കിലും 2450ാം റാങ്കാണ് ലഭിച്ചിരുന്നത്. ഡോക്ടറാകണമെന്ന തീവ്രമായ ആഗ്രഹവും, സ്വപ്‌നവുമാണ് തനിക്ക് വീണ്ടും എന്‍ട്രന്‍സ് എഴുതാന്‍ പ്രചോദനമായത്.
മൂത്ത സഹോദരിയാണ് തനിക്ക് കൂടുതല്‍ പ്രചോദനം നല്‍കിയത്. പ്രവേശന പരീക്ഷയെഴുതുന്നതിനു വേണ്ടിയുള്ള പഠനത്തിനിടയില്‍ തനിക്ക് പലപ്പോഴും ആത്മവിശ്വാസം നല്‍കിയിരുന്നത് സഹോദരിയാണ്. പലപ്പോഴും പരീക്ഷയടുത്തപ്പോള്‍ മാനസിക സമ്മര്‍ദം തന്നെ വളരെയേറെ അലട്ടിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം കരകയറുവാന്‍ തനിക്ക് സാധിച്ചത് പ്രാര്‍ഥനയാണ്.
മറിയം അടുത്ത മാസം ഒന്നിന് എയിംസ് പ്രവേശന പരീക്ഷയെഴുതുന്നുണ്ട്. പ്രവേശനം കിട്ടിയാല്‍ എയിംസില്‍ പഠിക്കാനാണ് താത്പര്യം. അതല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കണമെന്നാണ് മറിയത്തിന്റെ ആഗ്രഹം.
അബുദബിയില്‍ ജോലി ചെയ്യുന്ന എന്‍ എ റാഫിയുടേയും അന്‍സി റാഫിയുടേയും രണ്ടാമത്തെ മകളാണ് മറിയം റാഫി. മറിയത്തിന്റെ മൂത്ത സഹോദരി സാഹിബ റാഫി ഡല്‍ഹി എയിംസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 14-ാം റാങ്ക് സാഹിബക്ക് ലഭിച്ചിരുന്നു. ഇഹിയാറാഫി,ഖദീജ , സെഹറ എന്നിവരാണ് സഹോദരങ്ങള്‍.