കൊച്ചി മെട്രോ: കാക്കനാട് വരെ നീട്ടും

Posted on: May 21, 2015 6:00 am | Last updated: May 20, 2015 at 11:46 pm

തിരുവനന്തപുരം: നിര്‍ദിഷ്ട കൊച്ചി മെട്രോ മൂന്നാം ഘട്ടമായി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാടുവരെ 11.2 കി.മീ ദൂരത്തിലാണ് ദീര്‍ഘിപ്പിക്കുക. ഇതിനായി മുഴുവന്‍ നികുതികളും ഉള്‍പ്പെടെ 2017.46 കോടിയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ചുള്ള പദ്ധതി തയാറാക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ചേര്‍ന്ന കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗവും മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു. മെട്രോക്കായി പുതിയ 11 സ്റ്റേഷനുകള്‍ കൂടി നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ ആലുവ- എറണാകുളം, തൃപ്പൂണിത്തുറ-പേട്ട ലൈനിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാക്കും. പുതിയതായി നീട്ടിയ കലൂര്‍ – കാക്കനാട് ലൈനിന്റെ കരാര്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അതിനും സമയ പരിധി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കി. 1955രെ തിരുവിതാംകൂര്‍ – കൊച്ചി സാഹിത്യ ശാസ്്ത്ര ചാരിറ്റബിള്‍ സൊസൈറ്റി നിയമപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൊസൈറ്റി ആയാണ്് രജിസ്റ്റര്‍ ചെയ്യുന്നത്്.