വന്‍കിട നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്തു

Posted on: May 20, 2015 8:00 pm | Last updated: May 20, 2015 at 8:50 pm

ദുബൈ: രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍ പി ഗ്രൂപ്പിന് കീഴിലെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടിങ് കമ്പനി യു എ ഇയില്‍ 19 പുതിയ വന്‍കിട നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്തു. 200.28 കോടി ദിര്‍ഹമിന്റെ പദ്ധതികളില്‍ ആറെണ്ണവും അജ്മാനിലാണ്. മറ്റു പദ്ധതികള്‍ ദുബൈ അടക്കമുള്ള മൂന്ന് എമിറേറ്റുകളിലായാണ് നടപ്പാക്കുന്നത്.
ഒമ്പത് കെട്ടിടങ്ങളുടെ സമുച്ഛയമായ സിറ്റി ടവര്‍ കോംപ്ലക്‌സ്, ഏഴ് കെട്ടിടങ്ങളോടുകൂടിയ അജ്മാന്‍ കോര്‍ണിഷ് റെസിഡന്‍സസ്, രണ്ടു കെട്ടിടങ്ങള്‍ ചേര്‍ന്ന ഒയാസിസ് ടവേഴ്‌സ്, യാസ്മീന്‍ ടവര്‍ എന്നിവയാണ് അജ്മാനില്‍ കമ്പനി ഏറ്റെടുത്ത പ്രധാന നിര്‍മാണ പദ്ധതികള്‍. അജ്മാന്‍ ബേങ്കിന്റെ കാര്യാലയ നിര്‍മാണ കരാറും ഗള്‍ഫ് ഏഷ്യക്കാണ് ലഭിച്ചത്. മൊത്തം 100.78 ലക്ഷത്തിന്റെ കരാറാണ് ഗള്‍ഫ് ഏഷ്യ അജ്മാനില്‍ ഏറ്റെടുത്തതെന്ന് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ വിനോദ് പിള്ള വ്യക്തമാക്കി. അജ്മാന്‍ വിപണിയുടെ സ്ഥിരതയെക്കുറിച്ച് ഉറച്ച വിശ്വാസമുണ്ട്. നിക്ഷേപകര്‍ക്കും വീടുകള്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്കും പറ്റിയ വിപണിയാണ് അജ്മാനിലേത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
മറീനയില്‍ ക്രൗണ്‍ പ്ലാസ ശൃംഖലക്ക് കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, ബര്‍ദുബൈയിലെ ചതുര്‍നക്ഷത്ര ഹോട്ടല്‍, ടീകോമിന്റെ ഹോട്ടല്‍ അപ്പാര്‍ട്‌മെന്റ് കെട്ടിടം തുടങ്ങിയവയാണ് ദുബൈയില്‍ കമ്പനി ഏറ്റെടുത്ത പദ്ധതികള്‍. ഇവയില്‍ ബര്‍ദുബൈയിലെ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
2002ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടിങ് ഇന്ധന പ്ലാന്റുകള്‍, എണ്ണ സംസ്‌കരണ ശാലകള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഏറ്റെടുക്കുന്നുണ്ട്. കമ്പനിക്ക് കീഴില്‍ പതിനായിരത്തില്‍പരം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.