Connect with us

Gulf

സഹായി ഡയാലിസിസ് സെന്റര്‍ ജൂലൈയില്‍

Published

|

Last Updated

ദുബൈ: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി വാദിസലാമിന്റെ കീഴില്‍ പണി പൂര്‍ത്തിയാക്കുന്ന ഡയാലിസിസ് സെന്റര്‍ ജുലൈയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് പൂനൂര്‍ ആശുപത്രിക്ക് സമീപമാണ് ഒരു കോടി രൂപ ചെലവില്‍ 10 ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ജീവിത ശൈലിയില്‍ വന്ന മാറ്റം മൂലം കേരളത്തില്‍ വൃക്ക രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലും നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസിന് സൗകര്യമൊരുക്കുകയെന്ന ആശയത്തിന്റെ ഭാഗവുമായാണ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. ഡയാലിസിസ് സെന്ററുകള്‍ എത്ര നിലവില്‍ വന്നാലും മതിയാവാത്ത രീതിയിലാണ് വൃക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. പാലക്കാട് ജില്ലയില്‍, കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിയുന്ന നിര്‍ധനരായ ആളുകളെ പുനരധിവസിപ്പിക്കുന്ന മൈക്രോവില്ലേജ് പദ്ധതിക്കും തുടക്കംകുറിച്ചിട്ടുണ്ട്.
വിശുദ്ധ റമസാനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിപുലമായ ഇഫ്താര്‍, അത്താഴ സൗകര്യം സഹായി വാദിസലാം ഒരുക്കുന്നുണ്ട്. ഈ വര്‍ഷത്തെ റമസാനില്‍ 1,500 പേര്‍ക്കാണ് ഇഫ്താര്‍ സൗകര്യം ഒരുക്കുന്നത്.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന തലാസീമിയ ബാധിതരായ കുട്ടികളുടെ മാസാന്തമുള്ള രക്തമാറ്റത്തിനും തുടര്‍ന്നുള്ള ചികിത്സക്കും ആവശ്യമായ മരുന്നുകള്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ 62 കുട്ടികളുടെ പൂര്‍ണ ചുമതല “സഹായി” ഏറ്റെടുത്തിട്ടുണ്ട്. ഓരോ രോഗിക്കും പ്രതിമാസം 3,000 മുതല്‍ 8,000 രൂപ വരെ ചെലവ് വരുന്ന പദ്ധതിയാണിത്.
അത്യാഹിതങ്ങളില്‍ പെട്ട് ചികിത്സ തേടിയെത്തുന്നവര്‍ക്ക് വളണ്ടിയര്‍ സേവനം, നിര്‍ധന രോഗികളായ 600 ഓളം പേര്‍ക്ക് രാവിലെയും വൈകിട്ടുമായി ഭക്ഷണ വിതരണം, സൗജന്യ മരുന്ന് വിതരണം, മയ്യിത്ത് പരിപാലനം, രക്തദാനം, ആംബുലന്‍സ് സേവനം, അവശ്യ പരിചരണത്തിനുള്ള വാട്ടര്‍ ബെഡ്, വീല്‍ ചെയര്‍ സേവനങ്ങള്‍, വാര്‍ഡുകളുടെ നവീകരണം, ഷെല്‍ട്ടറുകളുടെ നിര്‍മാണം തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സഹായി-വാദിസലാം ആതുരസേവന മേഖലയില്‍ 15 വര്‍ഷം പിന്നിടുകയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ട്രഷറര്‍ അബ്ദുല്ല സഅദി ചെറുവാടി, സഹായി യു എ ഇ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ, സഹായി യു എ ഇ നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ വെള്ളായിക്കോട്, സലാം സഖാഫി എരഞ്ഞിമാവ് പങ്കെടുത്തു.

Latest