Connect with us

Editorial

ലൈറ്റ് മെട്രോ പദ്ധതികള്‍

Published

|

Last Updated

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയില്‍ നിര്‍മാണം സര്‍ക്കാര്‍ നേരിട്ടു നടപ്പാക്കണോ സ്വകാര്യ പങ്കാളിത്വത്തോടെ വേണമോ എന്ന തര്‍ക്കത്തിനു പരിഹാരമായി. സ്വകാര്യം പങ്കാളിത്തം വേണ്ടെന്നും നിര്‍മാണച്ചുമതല പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍ക്കാര്‍ പ്രതിനധികളുടെയും ഡി എം ആര്‍ സി വക്താക്കളുടെയും ഉന്നതതല യോഗത്തില്‍ ധാരണയിലെത്തിയത്. നിര്‍മാണത്തിന് പുതുതായി ടെന്‍ഡര്‍ വിളിക്കണമെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദേശം തള്ളി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ തന്നെ ഏല്‍പ്പിക്കാനും ധാരണയായി.
തലസ്ഥാന നഗരിയെന്ന നിലയില്‍ തിരുവനന്തപുരത്തും വര്‍ധിച്ച ജനസാന്ദ്രത മൂലം കോഴിക്കോട്ടും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കൊച്ചിക്ക് പിന്നാലെ ഈ രണ്ട് നഗരങ്ങളിലും മെട്രോ റെയില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. രണ്ടിടത്തും മോണോ റെയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യതീരുമാനം. ഇതിനായി മോണോ റെയില്‍ കോര്‍പറേഷന്‍ രൂപവത്കരിച്ചു പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതാണ്. അതിനിടെ മോണോ റെയിലിനേക്കാള്‍ സൗകര്യവും ചെലവ് കുറവും ലൈറ്റ് മെട്രോയാണെന്ന അഭിപ്രായം ഉയര്‍ന്നു. വിശദമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം അത് അംഗീകരിക്കുകയാരുന്നു. ഈ ഘട്ടത്തിലാണ് ചില പുതിയ നിര്‍ദേശങ്ങളുമായി ധന വകുപ്പ് രംഗത്തുവന്നത്. തിരുവനനന്തപുരത്ത് സെര്‍ബന്‍ റെയില്‍ പദ്ധതി പരിഗണയിലുള്ളതിനാല്‍ അവിടെ ലൈറ്റ് മെട്രോ വേണ്ടെന്നായിരുന്നു ഒരു വാദം. അഥവാ രണ്ടിടത്തും ലൈറ്റ് മെട്രോ നടപ്പാക്കുകയാണെങ്കില്‍ പുതിയ കണ്‍സള്‍ട്ടന്റിനായി കെ എം ആര്‍ സി(കേരള മോണോ റെയില്‍ കോര്‍പറേഷന്‍) ആഗോള ടെന്‍ഡര്‍ വിളിക്കണെന്നാണ് മറ്റൊരു നിര്‍ദേശം. പൂര്‍ണമായും സര്‍ക്കാര്‍ തലത്തില്‍ വേണ്ട, സ്വകാര്യ പങ്കാളിത്തോടെ മതിയെന്നും ധനകാര്യ വകുപ്പ് ആവശ്യപ്പെടുകയുണ്ടായി. കൊച്ചി മെട്രോയുടെ കാര്യത്തിലും ധനകാര്യ വകുപ്പ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു.
എന്നാല്‍ പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെങ്കിലും ഭൂമി ഏറ്റെടുക്കേണ്ടതും സിവില്‍ ജോലികള്‍ നിര്‍വഹിക്കേണ്ടതും സര്‍ക്കാറാണ്. പദ്ധതിച്ചെലവിന്റെ 60 ശതമാനവും ഈ മേഖലകളിലാണ് വിനിയോഗിക്കേണ്ടതെന്നിരിക്കെ അവശേഷിക്കുന്ന വിഹിതത്തില്‍ എന്തിന് സ്വകാര്യ മുതല്‍ മുടക്ക് ആശ്രയിക്കണം? ചെലവിന്റെ 80 ശതമാനം തുക നാമമാത്ര പലിശക്ക് ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയില്‍ (ജൈക്ക) നിന്നു വായ്പയായി ലഭ്യമാക്കാമെന്ന ഡി എം ആര്‍ സി ഉറപ്പ് നല്‍കിയിരിക്കെ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വകാര്യ പങ്കാളിത്തത്തിന് ശാഠ്യം പിടിക്കുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല അങ്ങനെ നടപ്പാക്കിയ പദ്ധതികളൊന്നും നിശ്ചിത ബജറ്റില്‍ ഒതുക്കാനും നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനും സാധിച്ചിട്ടെല്ലന്നതാണ് അനുഭവം. ഡല്‍ഹി എയര്‍ പോര്‍ട്ട് സ്വകാര്യ പങ്കാളിത്വത്തോടെയാണ് തുടങ്ങിയത്. അവസാനം ഡി എം ആര്‍ സി ഏറ്റെടുത്താണ് പൂര്‍ത്തീകരിച്ചത്. സ്വകാര്യ പങ്കാളിത്വത്തോടെ ആരംഭിച്ച ഹൈദറാബാദ് മെട്രോയും നിര്‍ദിഷ്ട തുകയേക്കാള്‍ വളരെക്കൂടുതല്‍ ചെലവാക്കിയിട്ടും മുഴുമിച്ചിട്ടില്ല.
21.821 കിലോമീറ്റര്‍ നീളം വരുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് 3453 കോടിയാണ് ചെലവ് കണക്കാക്കുന്നത്. കോഴിക്കോട് 13.30 കിലോമീറ്ററാണ് നീളം. 2014ലെ നിരക്കനുസരിച്ച് 2,057 കോടിയാണ് നിര്‍മാണച്ചെലവ്. നാലുവര്‍ഷം കഴിഞ്ഞുള്ള ചെലവ് 2,509 കോടി. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കേണ്ടത് 324 കോടി രൂപ മാത്രമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മാനാഞ്ചിറ വരെ 7.3 കിലോമീറ്റര്‍ മൂന്നുവര്‍ഷത്തിനകവും മാനാഞ്ചിറ മുതല്‍ മീഞ്ചന്ത വരെയുള്ള ആറ് കിലോമീറ്റര്‍ പിന്നീടും പൂര്‍ത്തിയാക്കാനാണ് പദ്ധതി. മൊത്തം 14 സ്റ്റേഷനുകളാണുണ്ടാകുക. തിരുവനന്തപുരത്ത് 8.9 ഹെക്ടറും കോഴിക്കോട്ട് 8.58 ഹെക്ടറും സര്‍ക്കാര്‍ ഭൂമി പദ്ധതി പ്രദേശത്തുണ്ട്. കോഴിക്കോട്ട് 1.58 ഹെക്ടറും തിരുവനന്തപുരത്ത് 3.04 ഹെക്ടറും സ്വകാര്യ ഭൂമിയാണ് പുറമെ ഏറ്റെടുക്കേണ്ടി വരിക.
ധനകാര്യ വകുപ്പും ഡി എം ആര്‍ സിയും തമ്മിലുള്ള ഭിന്നത പരിഹൃതമായ സാഹചര്യത്തില്‍ ഇനി വേഗത്തില്‍ തുടര്‍നടപടികളിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. നഗര മധ്യത്തില്‍ സ്ഥലമേറ്റെടുക്കല്‍ വേണ്ടിവരുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല. കൊച്ചി മെട്രോ പദ്ധതിയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. പ്രസ്തുത പദ്ധതിക്ക് അനുമതി ലഭിച്ചതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ഒട്ടേറെ തടസ്സങ്ങളെ അതിജീവിച്ചാണ്. 11 വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ കൊച്ചി പദ്ധതിക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡി എം ആര്‍ സിയെ ഏല്‍പിച്ചത്. 2006ല്‍ തുടങ്ങി 2010 ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുകയായിരുന്നു അന്ന് ലക്ഷ്യം. നാല് വര്‍ഷത്തെ കാലാവധി നിശ്ചയിച്ച പദ്ധതി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് പദ്ധതികള്‍ക്ക് ഈ ഗതികേട് വരാതിരിക്കാന്‍ സ്ഥലമെടുപ്പ് തുടങ്ങി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിക്കേണ്ടിയിരുന്നു.ാേ

Latest