സ്വകാര്യവ്യക്തികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി

Posted on: May 17, 2015 1:48 pm | Last updated: May 17, 2015 at 1:48 pm

പനമരം: സ്വകാര്യവ്യക്തികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. മാനന്തവാടി – തലശ്ശേരി റോഡിലെ സാമൂഹ്യ നീതി വകുപ്പ് ശിശുവികസപദ്ധതി ഓഫീസി(ഐ സി ഡി എസ്) സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. കോടതി ഉത്തരവുണ്ടായിട്ടും ഭൂമി സംരക്ഷിക്കാന്‍ നടപടിയായില്ല.
പരാതി ഉന്നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയും പോസ്റ്റര്‍ പ്രചരണവും. ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന് ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്നാവശ്യം ശക്തമാവുന്നതിനിടയിലാണ് ഭൂമി കയ്യേറ്റം. ഇതിനെതിരെ മാനന്തവാടി ശിശുവികസന പദ്ധതി ഓഫീസര്‍ സംസ്ഥാന സമൂഹ്യ നീതി ഡയറക്ടര്‍, സബ് കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2014 ആഗസ്ത് 8ന് ഡപ്യൂട്ടി കലക്ടര്‍, പരാതിക്കാരെയും ജനപ്രതിനിധികളെയും വിവിധ വകുപ്പ് ഉദ്യാഗസ്ഥരെയും വിളിച്ചുകൂട്ടി ഐ സി ഡി എസിന്റെ സ്ഥലം അന്യാധീനപ്പെട്ടുപോവാതിരിക്കാന്‍ മതില്‍ കെട്ടിതിരിക്കാനും മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിലനിര്‍ത്താനും ധാരണയായിരുന്നു. ഇതിന് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി അംഗീകരവും നല്‍കി. അതോടെ കേസ് ഒത്തുതീര്‍പ്പാവുകയും ചെയ്തു. എന്നാല്‍ കോടതിയുടെയും സബ്കലക്ടറുടെയും നിര്‍ദ്ദേശം അവഗണിക്കപ്പെടുകയായിരുന്നു. ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ നടപടിയാവാത്തതിനാല്‍ ഐ സി ഡി എസിന്റെ എട്ട് സ്ഥലത്ത് വ്യാപകമായി കയ്യേറ്റം നടന്നു. ഒരു വര്‍ഷം മുമ്പ് ഐ.സി.ഡി.എസിന്റെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തിറോഡ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇതിന്നെതിരെ ഐ.സി.ഡി.എസ ഓഫീസര്‍ സബ് കലക്ടര്‍ക്കും താലൂക്ക് സര്‍വ്വേയര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്താനെത്തിയ സര്‍വ്വേയര്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയായിട്ടില്ല. നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് ഐ.സി.ഡി.എസ് ഓഫീസര്‍ സബ്കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ ഐ.സി.ഡി.എസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും വ്യാപകമായി പോസ്റ്റര്‍ പതിക്കുകയും ചെയ്തിരിക്കുകയാണ്.