മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: ഒരാഴ്ചക്കിടെ രണ്ടാം തവണ ബി ജെ പി- ആര്‍ എസ് എസ് കൂടിക്കാഴ്ച

Posted on: May 17, 2015 5:11 am | Last updated: May 16, 2015 at 11:11 pm

നാഗ്പൂര്‍: ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച . ഒരാഴ്ചക്കിടെ ആര്‍ എസ് എസ് ആസ്ഥാനത്തെത്തുന്ന രണ്ടാമത്തെ ബി ജെ പി നേതാവാണ് അമിത് ഷാ. നേരത്തേ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മോഹന്‍ ഭഗ്‌വതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ അമിത് ഷായും മോഹന്‍ ഭഗ്‌വതും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. ആര്‍ എസ് എസിന്റെ മറ്റു മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കാനിയി നാഗ്പൂരിലെത്തിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങളോ കൂടിക്കാഴ്ചയുടെ കാരണമോ മാധ്യമങ്ങളോട് ഇരുവരും പങ്കുവെച്ചിട്ടില്ല. അതേസമയം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാറിന്റെ വിജയവും പാളിച്ചകളും സംസാരിച്ചതായി ആര്‍ എസ് എസ് വൃത്തങ്ങള്‍ പ്രതികരിച്ചു. സംഘടനാപരമായ കാര്യങ്ങള്‍, പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍, നിര്‍ജീവമായിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ തയ്യാറെടുപ്പുകള്‍, പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ നിന്ന് സര്‍ക്കാറിനെ മോചിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതായി സൂചനയുണ്ട്. കൂടിക്കാഴ്ചക്ക് മുമ്പ് ആര്‍ എസ് എസ് പരിശീലന ക്യാമ്പിലും അമിത് ഷാ സന്ദര്‍ശനം നടത്തി.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മോഹന്‍ ഭഗവതും തമ്മില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയാണ് അമിത് ഷായുടെ നാഗ്പൂര്‍ സന്ദര്‍ശനമെന്ന് രാഷ്ട്രീയ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തി.
അതിനിടെ, വിദേശ പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി മോദി മടങ്ങിയെത്തിയാല്‍ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍.