നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനം

Posted on: May 17, 2015 6:00 am | Last updated: May 16, 2015 at 11:05 pm

SIRAJ.......ഏറെ പ്രതീക്ഷകളോടെയാണ് പ്രധാനമന്ത്രി ചൈനാ സന്ദര്‍നത്തിനു പുറപ്പെട്ടത്. ഏഷ്യന്‍ ചരിത്രത്തില്‍ ഇതൊരു പുതിയ നാഴികക്കല്ലായിരിക്കുമെന്ന് സന്ദര്‍ശനത്തിനു മുന്നോടിയായി ചൈനീസ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും 63000കോടി രൂപയുടെ വിവിധ കരാറുകളില്‍ ഒപ്പു വെച്ചാണ് അദ്ദേഹം മടങ്ങിയത്. ചൈനീസ് പ്രധാനമന്ത്രി ലികെക്വിയാംഗുമായി ബീജിംഗില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് റെയില്‍വേ, ബഹിരാകാശം, വിദ്യാഭ്യാസം, ഖനനം, ടൂറിസം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിനാണ് ചൈനയുടെ പ്രധാന നിക്ഷേപം. ഡല്‍ഹി-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് നിക്ഷേപം നടത്താന്‍ അവര്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചതാണ.്
ഡല്‍ഹിയിലെ റിപ്പബഌക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഒബാമയെ പങ്കെടുപ്പിച്ചതില്‍ ചൈനക്കുണ്ടായിരുന്ന നീരസം കുറക്കാനും മോദിയുടെ സന്ദര്‍ശനം സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും തുടര്‍ന്നു ഇന്ത്യാ-അമേരിക്ക ബന്ധത്തിലുണ്ടായ പുതിയ ഉണര്‍വും ചൈനീസ് ഭരണകൂടത്തെ അസ്വസ്ഥമാക്കുകയും ഇക്കാര്യം അവര്‍ തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി നിര്‍ണയത്തിലുള്‍പ്പെടെ ഇന്ത്യയും ചൈനയും തമ്മില്‍ ഭിന്നതകളുണ്ടെങ്കിലും സാമ്രാജ്യ ശക്തികളെ പ്രതിേരോധിക്കുന്നതില്‍ ഇരു രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതേസമയം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നത് അമേരിക്കക്ക് അസഹ്യമാണ്. ഏഷ്യയില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള തങ്ങളുടെ നീക്കങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്ന് യു എസ് മനസ്സിലാക്കുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് രണ്ട് ബന്ധങ്ങളും പ്രധാനമാണെന്നതിനാല്‍ ഇരുരാഷ്ട്രങ്ങളുമായുള്ള ഡല്‍ഹിയുടെ ഇടപെടലുകള്‍ വളരെ കരുതലോടെയായിരിക്കേണ്ടതുണ്ട്.
തര്‍ക്കവിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദിയുടെ സന്ദര്‍ശനം ശ്രദ്ധേയമായ കാല്‍വെപ്പാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നടന്ന ചര്‍ച്ച കേവലം ഔപചാരികതയിലൊതുങ്ങി. ഇക്കാര്യത്തില്‍ രാഷ്ടീയ പരിഹാരമാണ് വേണ്ടതെന്ന പതിവു പ്രസ്താവനക്കപ്പുറം വിഷയത്തിന്റെ മര്‍മങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഇരു നേതാക്കളും താത്പര്യമെടുത്തില്ല. യുക്തിയോടെയും സംയമനത്തോടെയും നടത്തുന്ന നയതന്ത്രതല സംഭാഷണം വഴിയാണ് ഇതിന് പരിഹാരം കണ്ടെത്തേണ്ടത്.അതത്ര എളുപ്പമല്ല. നിശ്ചയിക്കപ്പെട്ട ഒരു അതിര്‍ത്തി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇല്ലെന്നതാണ് കാരണം. 1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്ന് ഏറെക്കുറെ അവര്‍ പിന്മാറിയെങ്കിലും ഇനിയും കുറേ പ്രദേശങ്ങള്‍ വിട്ടു തരാനുണ്ടെന്നാണ് ഇന്ത്യയുടെ വാദം. മേല്‍ പ്രദേശങ്ങള്‍ ചൈനക്കവകാശപ്പെട്ടതാണെന്നാണ് ചൈനയും അവകാശപ്പെടുന്നു. യുദ്ധാനന്തരം ലഡാക്കിന്റെ പശ്ചിമ ഭാഗത്ത് 4,000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ‘യഥാര്‍ഥ നിയന്ത്രണ രേഖ’ (എല്‍ എ സി)നിലവല്‍ വന്നിട്ടുണ്ടെങ്കിലും റെക്കോര്‍ഡുകള്‍ക്കപ്പുറത്ത് അങ്ങനെ കൃത്യമായി അടയാളം കുറിക്കപ്പെട്ട ഒരു ഭൗമരേഖ ഇവിടെയില്ലെന്നതാണ് വസ്തുത. ഏതെല്ലാം ഭൂപ്രദേശങ്ങളാണ് ഇന്ത്യയുടേത്, ചൈനയുടേത് ഏതെല്ലാമെന്ന് വ്യവച്ഛേദിക്കുന്ന സുവ്യക്തമായ അതിര്‍ത്തിരേഖയുടെ അഭാവമാണ് ലഡാക്കില്‍ പലപ്പോഴും കടന്നു കയറ്റത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇടവരുത്തുന്നത്.
അരുണാചലിന്റെ കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് ചൈനക്കവകാശപ്പെട്ടതാണെന്ന അവരുടെ വാദത്തിന് ബലമേകുന്ന തരത്തില്‍ അവിടുത്തെ പൗരന്മാര്‍ക്ക് ബീജിംഗ് ഇതിനിടെ വിസ അനുവദിച്ചിരുന്നു. ഇക്കാര്യത്തിലും മോദി തങ്ങളുടെ ആശങ്ക ചൈനീസ് നേതൃത്വത്തെ അറിയിച്ചുവെന്നതിലുപരി കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാക് അധീന കാശ്മീരിലെ റെയില്‍ നിര്‍മാണം ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു ചൈന തുടര്‍ന്നു കൊണ്ടിരിക്കയുമാണ്. ഇത്തരം തര്‍ക്ക വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നത് നിലവിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ സൃഷ്ടിക്കുമെന്നതിനാല്‍ അതിന് തുനിയാതിരിക്കുന്നതാണ് അഭികാമ്യവും. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് നടന്ന ഉഭയ കക്ഷി ചര്‍ച്ചകളിലും ഇതേനിലപാടാണ് സ്വീകരിച്ചിരുന്നത്.
വികസനരംഗത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കയാണ് ഇന്ത്യയും ചൈനയും. ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂത പൂര്‍വമായ മുന്നേറ്റമാണ് സമീപ കാലത്ത് ഇരുരാജ്യങ്ങളും കൈവരിച്ചത്. അടുത്ത പത്തുവര്‍ഷത്തിനകം ഐ ടി മേഖലയെ നിയന്ത്രിക്കുന്ന ലോകത്തെ പ്രധാന ശക്തികള്‍ ഇന്ത്യയും ചൈനയുമായിരിക്കുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇത്തരുണത്തില്‍ അതിര്‍ത്തി പ്രശ്‌നത്തെ ചൊല്ലി ഇനിയും സംഘര്‍ഷത്തിന് വഴിമരുന്നിടാതെ പരസ്പര വിശ്വാസം ഊട്ടിയുറപ്പിച്ചു സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇരുഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. തര്‍ക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ അതിന്റെ വഴിക്ക് മുന്നേറട്ടെ. മറ്റു മേഖലകളിലെ സഹകരണങ്ങള്‍ക്ക് അത് വിഘാതമാകരുത്.