ആശുപത്രി ബില്ലടക്കാന്‍ നിവൃത്തിയില്ല ശ്രീലങ്കന്‍ ദമ്പതികളുടെ കുഞ്ഞിന് വീട്ടിലെത്താനായില്ല

Posted on: May 16, 2015 9:02 pm | Last updated: May 16, 2015 at 9:02 pm

ദുബൈ: 6.5 ലക്ഷം ദിര്‍ഹത്തിന്റെ ആശുപത്രി ബില്‍ അടക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ശ്രീലങ്കന്‍ ദമ്പതികളുടെ കുഞ്ഞിന് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്നില്ല. മാസം തികയാതെ പ്രസവിച്ച കൂഞ്ഞാണ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ കഴിയുന്നത്.
സമീറ ഗല്ലജിന്റെയും ഇമേഷ മാധവിയുടെയും പെണ്‍കുഞ്ഞായ റിശാന്തിയാണ് ആശുപത്രിയിലുള്ളത്. സമീറയുടെ ഭാര്യ മാധവിക്ക് ഗര്‍ഭം 24 ആഴ്ച പിന്നിട്ടപ്പോള്‍ പിടിപെട്ട പകര്‍ച്ചപ്പനിയായിരുന്നു കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുന്നതിലേക്ക് നയിച്ചത്. പ്രസവം നടന്ന ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ പരിരക്ഷിക്കാനുള്ള സംവിധാനം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയത്. 85 ദിവസമായിരുന്നു കുഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞത്.
മാധവിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നെങ്കിലും ഇതില്‍ പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ ഉള്‍പെട്ടിരുന്നില്ല. കുഞ്ഞിനെ പോളസിയുടെ ഭാഗമാക്കാതിരുന്നതും ദമ്പതികള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
എയര്‍ക്രാഫ്റ്റ് ടോവിംഗ് ഓപറേറ്ററായി ജോലി ചെയ്യുന്ന ഗല്ലാജിന് മാസ ശമ്പളം 5,025 ദിര്‍ഹം മാത്രമാണ്. ആശുപത്രി ബില്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും മറ്റും കുറച്ച് പണം സമാഹരിച്ച് നല്‍കിയിരുന്നെങ്കിലും ഭീമമായ തുകയായതിനാല്‍ ഇതൊന്നും എവിടേയും എത്താത്ത സ്ഥിതിയിലാണെന്ന് ഗല്ലാജ് വേദനയോടെ പറഞ്ഞു. സുമനസുകള്‍ ആരെങ്കിലും എത്തി തന്നെ ഈ വിഷമവൃത്തത്തില്‍ നിന്നു കരകയറ്റുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. അതിസങ്കീര്‍ണമായ അവസ്ഥയാണ് ഇത്രയും വലിയ തുക ബില്‍ വരാന്‍ ഇടയാക്കിയതെന്ന് ആശുപത്രിയിലെ നവജാത ശിശുക്കളുടെ വിദഗ്ധനായ ഡോ. ഖലീല്‍ വ്യക്തമാക്കി. കുഞ്ഞിനായി വെന്റിലേറ്റര്‍ ഉള്‍പെടെയുള്ള സജ്ജീകരണങ്ങള്‍ ആവശ്യമായതിനാലാണ് ദിനേന 3,500 ദിര്‍ഹമെന്ന തോതില്‍ മെഡിക്കല്‍ ബില്ലിന് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്‍ അടക്കുന്ന കാര്യത്തില്‍ എന്തെങ്കിലും മാര്‍ഗം തെളിഞ്ഞാല്‍ തങ്ങളുടെ ഭാഗത്തു നിന്നു പരമാവധി സഹായം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.