Kannur
മണല്‍മാഫിയയെ നേരിടാന്‍ പോയ എസ് ഐയെ പരുക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തി

കണ്ണൂര്‍: അനധികൃത മണലെടുപ്പ് തടയാന്‍ പുറപ്പെട്ട എസ് ഐയെ ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തി. പരിയാരം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ രാജനെയാണ് പരിയാരത്തിന് സമീപം റോഡരികില്‍ കണ്ടെത്തിയത്.
പാറോളി കടവില്‍ അനധികൃത മണലൂറ്റ് നടക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ ആറ് മണിയോടെ രാജനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ ഇവിടെ എത്തിയിരുന്നു. പോലീസുകാരെ കണ്ടതോടെ മണല്‍ നിറച്ച ലോറി മുന്നോട്ടെടുത്തു. ഈ സമയം ലോറിയിലേക്ക് എസ് ഐ ചാടിക്കയറിയറി. തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിയെ സഹപോലീസുകാരന് പിന്തുടരാനായില്ല. പോലീസുകാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് എസ് ഐയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
തലക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബോധാവസ്ഥയിലായതിനാല്‍ സംഭവത്തിന്റെ നിചസ്ഥിതി അറിയാന്‍ സാധിച്ചിട്ടില്ല. ലോറിയില്‍ നിന്ന് വീണതാണോ ലോറി ഡ്രൈവര്‍ തള്ളിയിട്ടതാണോ പരുക്ക് പറ്റാന്‍ കാരണമെന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ലെന്ന് കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അറിയിച്ചു.