International
ഏത് ആക്രമണവും നേരിടാന്‍ അമേരിക്ക സഹായിക്കും

വാഷിംഗ്ടണ്‍: ഇറാനുമായി അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ ഒപ്പു വെക്കാന്‍ പോകുന്ന ആണവ കരാറിനെച്ചൊല്ലിയുള്ള ആശങ്കയകറ്റാന്‍ വിളിച്ചു ചേര്‍ത്ത യു എസ് – ജി സി സി ഉച്ചകോടിക്ക് സംയുക്ത പ്രസ്താവനയോടെ സമാപനം. പുറത്ത് നിന്നുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ അമേരിക്ക സഹായിക്കുമെന്ന് യു എസിലെ ക്യാമ്പ് ഡേവിഡില്‍ നടന്ന ഉച്ചകോടി സമാപിച്ച ശേഷം പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പുതിയ സാഹചര്യങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ല.
അവയുടെ സുരക്ഷിതത്വത്തിന് അമേരിക്ക പ്രതിജ്ഞാബദ്ധമായിരിക്കും. കൂടുതല്‍ ആയുധ സജ്ജമാകാനും സൈനിക ശക്തി വര്‍ധിപ്പിക്കാനും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. ഇപ്പോഴുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും അഗാധവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാര്‍ നിലവില്‍ വരുന്നതോടെ ഇറാന്‍ കൂടുതല്‍ ശക്തമാകുമെന്നും ഇത് മേഖലയില്‍ അസ്ഥിരതക്ക് വഴി വെക്കുമെന്നുമുള്ള തങ്ങളുടെ കാഴ്ചപ്പാട് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒബാമയെ അറിയിച്ചു. ഇറാനുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. അവ പുറത്ത് വരുന്ന മുറക്ക് സഊദി അതിന്റെ പ്രതികരണം അറിയിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി അല്‍ ജസീറയോട് പറഞ്ഞു.അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ തന്നെ സൈനിക സഹകരണം ഉണ്ട്. തീവ്രവാദവിരുദ്ധ നീക്കം, നാവിക സുരക്ഷ, സൈബര്‍ സുരക്ഷ, ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം തുടങ്ങിയ മേഖലയിലേക്ക് ഈ സഹകരണം വ്യാപിപ്പിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. റമസാനിന് മുമ്പ് തന്നെ ലിബിയയില്‍ രാഷ്ട്രീയ സമവായം ഉണ്ടാക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. യമനിലെ സൈനിക നടപടിയും ഉച്ചകോടിയില്‍ ചര്‍ച്ചയായി.
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പങ്കെടുക്കാതിരുന്നത് ഉച്ചകോടിയുടെ തിളക്കം കുറച്ചിരുന്നു.
പകരം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിനെയും ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയുമാണ് ഉച്ചകോടിക്ക് അയച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളത് കൊണ്ടാണ് രാജാവ് പങ്കെടുക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണം നല്‍കുന്നുണ്ടെങ്കിലും അമേരിക്കയുടെ ഇറാന്‍ നയത്തോടുള്ള അതൃപ്തിയാണ് ഈ തീരുമാനത്തില്‍ നിഴലിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ബാലിസ്റ്റിക് പ്രതിരോധ സഹകരണം അടക്കമുള്ള ധാരണകള്‍ ജി സി സി രാഷ്ട്രങ്ങളിലേക്ക് അത്യന്താധുനിക ആയുധങ്ങള്‍ ഒഴുകുമെന്ന സൂചനയാണ് നല്‍കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇറാനെതിരായ ഉപരോധം നീങ്ങിയാല്‍ അവരും കൂടുതല്‍ ആയുധങ്ങള്‍ ആര്‍ജിക്കും. ഇത് മേഖലയില്‍ ആയുധ മത്സരത്തിന് വഴിവെച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം അറബ് സഖ്യ സൈന്യം രൂപവത്കരിക്കാന്‍ തീരുമാനിച്ചു.
ചില രാജ്യങ്ങള്‍ ഇതിനോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചെങ്കിലും ഈജിപ്തിന്റെ ആഭിമുഖ്യത്തില്‍ അത് നിലവില്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ യു എസിന്റെ സൈനിക സഹകരണ വാഗ്ദാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു പ്രത്യേക സൈനിക കരാര്‍ തന്നെ അമേരിക്കയുമായി വേണമെന്ന് ചില പ്രതിനിധികള്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടിരുന്നു.