ജയലളിത എം എല്‍ എമാരുടെ യോഗം വിളിച്ചു

Posted on: May 15, 2015 10:04 am | Last updated: May 15, 2015 at 10:04 am

jayalalithaചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട എ ഐ എ ഡി എം കെ നേതാവ് ജയലളിത പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചുചേര്‍ത്തു. ഈ മാസം 22ന് രാവിലെ ഏഴ് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് ജയയുടെ നീക്കം.

അതേസമയം ജയലളിത മുഖ്യമന്ത്രിപദത്തില്‍ തിരിച്ചെത്തുന്നത് വൈകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജയലളിതയെയും മറ്റ് മൂന്ന് പേരെയും കുറ്റവിമുക്തരാക്കി കര്‍ണാടക ഹൈക്കോടതിയുടെ സിംഗില്‍ ബഞ്ച് തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെങ്കില്‍ താന്‍ അപ്പീല്‍ പോകുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്.

ജയലളിത സമ്പാദിച്ച അനധികൃത സ്വത്ത് കണക്കില്‍ പെടുന്ന സ്വത്തിന്റെ 8.23 ശതമാനം മാത്രമേ വരുന്നുള്ളൂവെന്നും അത് പത്ത് ശതമാനം വരെയാകാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും കാണിച്ചാണ് ജസ്റ്റിസ് സി ആര്‍ കുമാരസ്വാമി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ജഡ്ജ് ശരിയായ വിധത്തിലല്ല സ്വത്ത് കണക്കുകൂട്ടിയതെന്ന് പ്രോസിക്യൂഷനും സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവരും വാദിക്കുന്നു. അത്‌കൊണ്ട് തന്നെ മേല്‍കോടതയില്‍ ഈ വിധി നിലനില്‍ക്കില്ലെന്നും അവര്‍ കരുതുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ആചാര്യ വിധി പഠിച്ച ശേഷം കര്‍ണാടക സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പക്കാനിരിക്കുകയാണ്. നിയമവശം പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. അനധികൃത സ്വത്ത് അറിയപ്പെടുന്ന വരുമാനത്തേക്കാള്‍ 76 ശതമാനം വരുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അതിനിടെ, ജയലളിതയുടെ പ്രതിപുരുഷനായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ഒ പനീര്‍ശെല്‍വവും എ ഐ എ ഡി എം കെയുടെ പ്രധാന നേതാക്കളും ജയലളിതയുടെ സാന്നിധ്യത്തില്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. ജയലളിതയുടെ സത്യപ്രതിജ്ഞയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സത്യപ്രതിജ്ഞ ഉടനില്ലെന്നാണ് എ ഐ എ ഡി എം കെ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ആരും അപ്പീല്‍ പോകുന്നില്ലെങ്കില്‍ ജയക്ക് മുഖ്യമന്ത്രിപദത്തിലേറാന്‍ നിയമപരമായി യാതൊരു തടസ്സവുമില്ല. ആറ് മാസത്തിന് ശേഷം മത്സരിച്ച് എം എല്‍ എയായാല്‍ മതിയാകും. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറിലാണ് ജയലളിത രാജിവെച്ചത്. ‘മാഡത്തിന് മുഖ്യമന്ത്രിയാകാന്‍ ഒരു തടസ്സവുമില്ല. പക്ഷേ ഇപ്പോള്‍ പനീര്‍ശെല്‍വം സര്‍ക്കാറിനെ നയിക്കുന്നുണ്ട്. തിടുക്കം കാണിക്കേണ്ടതില്ലെന്നാണ് തീരുമാനം’- ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം എ ഐ എ ഡി കെക്ക് ഏറെ അനുകൂലമാണെന്നും നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്ക് വന്‍ നേട്ടം കൊയ്യാമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നുണ്ട്.

ജയലളിത മുഖ്യമന്ത്രിപദം ഏറ്റെടുത്ത് ഭാഗ്യപരീക്ഷണം നടത്തുന്നതിനേക്കാള്‍ പനീര്‍ ശെല്‍വത്തെ തന്നെ മുന്നില്‍ നിര്‍ത്തി അവര്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നതാണ് നല്ലതെന്ന് അവര്‍ കണക്കു കൂട്ടുന്നു. കൂടുതല്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ചും ജയലളിതയുടെ പ്രതിച്ഛായ ഒന്നു കൂടി ഉജ്ജ്വലമാക്കിയും ജനസമ്മതി കുത്തനെ ഉയര്‍ത്താനായിരിക്കും നീക്കം. മുഖ്യ പ്രതിപക്ഷമായ ഡി എം കെയില്‍ തമ്മിലടി രൂക്ഷമാണ്. അഴിമതികേസുകളില്‍ നിന്ന് അതിന്റെ നേതാക്കള്‍ ഇപ്പോഴും പൂര്‍ണമായി മുക്തരായിട്ടുമില്ല. കോണ്‍ഗ്രസും പിളര്‍ന്ന നിലയിലാണ്.

ബി ജെ പിയുടെ നിലയും ഭദ്രമല്ല. പ്രതിപക്ഷ വിശാല സഖ്യം വന്നാല്‍ പോലും, ഇന്നത്തെ സാഹചര്യം തുടര്‍ന്നാല്‍, എ ഐ എ ഡി എം കെക്ക് ഭീഷണിയാകില്ല. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് തിരഞ്ഞെടുപ്പ് ശേഷം മതി ‘മാഡ’ത്തിന്റെ വരവെന്ന ആശയം മുന്നോട്ട് വെക്കുന്നത്. അങ്ങനെയെങ്കില്‍ കാലാവധി പൂര്‍ത്തിയാക്കിയോ കാലാവധിക്ക് തൊട്ടു മുമ്പോ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.