ഹജ്ജ് യാത്രയും കരിപ്പൂരും

Posted on: May 15, 2015 9:49 am | Last updated: May 15, 2015 at 9:49 am

SIRAJ.......ഹജ്ജ് യാത്രാ സൗകര്യം കരിപ്പൂര്‍ വിമാനത്താവളത്തിന് തീര്‍ത്തും നഷ്ടമാകുമോ? നവീകരണ പ്രവര്‍ത്തനത്തിനായി കരിപ്പൂര്‍ റണ്‍വേ അടച്ചിടേണ്ടിവന്നതു കൊണ്ടാണ് ഇത്തവണ ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍ നിന്നാക്കിയതെന്നാണ് അധികൃത ഭാഷ്യമെങ്കിലും നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് പണിയുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പുറത്തുവന്നുകൊണ്ടിരിക്കുന്ന മറ്റു ചില വാര്‍ത്തകളും തുടര്‍ വര്‍ഷങ്ങളിലും മലബാറുകാര്‍ ഹജ്ജ് യാത്രക്ക് നെടുമ്പാശ്ശേരിയെ ആശ്രയിക്കേണ്ടി വരുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. നെടുമ്പാശ്ശേരില്‍ ഹജ്ജ് ഹൗസ് പണിയാന്‍ കരിപ്പൂരിലേതിനേക്കാള്‍ വിശാലമായ സൗകര്യം ഉണ്ടെന്നും അവിടെ ഒരു സ്ഥിരം ഹജ്ജ് ഹൗസ് നിര്‍മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നുമാണ് മന്ത്രി കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചത്. ഇതിന് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എല്ലാ സഹകരണവും വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
കരിപ്പൂര്‍ റണ്‍വേയുടെ നവീകരണ ജോലികള്‍ ഒക്‌ടോബര്‍ മുതലാണ് ആരംഭിക്കുന്നത്. മെയ് തൊട്ടേ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് അറ്റകുറ്റപ്പണികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണത്രേ. മെയ് മാസത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജൂണില്‍ പണികള്‍ ആരംഭിക്കാനായിരുന്നു ആദ്യതീരുമാനം. മുന്നൊരുക്കങ്ങള്‍ക്ക് ഒരു മാസം ധാരാളമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അഞ്ച് മാസം വെറുതെ അടച്ചിടാനുള്ള തീരുമാനം പിന്നിട് എങ്ങനെ വന്നു? ഇതിന് പിന്നിലെ ബുദ്ധി കേന്ദ്രമേതാണ്? വ്യോമയാന രംഗം സാങ്കേതികമായി ഏറെ വളര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ വലിയ വിമാനങ്ങളെ തടയാതെ സമയക്രമത്തിലൂടെ മുന്നൊരുക്കങ്ങള്‍ നടത്തി ഇത്തവണ ഹജ്ജ് യാത്ര ഇവിടെ നിന്ന് നടത്താനാകുമെന്നും അത് കഴിഞ്ഞ ഉടനെ നിര്‍മാണ ജോലികള്‍ ആരംഭിച്ചാല്‍ മതിയെന്നും വിദഗ്ധര്‍ വിലയിരുത്തിയതാണ്. ഈ സാധ്യത പരിഗണിക്കാതെ ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതിന് പിന്നില്‍ ഒളിഅജന്‍ഡയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.
അറ്റകുറ്റപ്പണികള്‍ ആറ് മാസം കൊണ്ട് തീര്‍ക്കുമെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. ഒന്നര വര്‍ഷത്തോളമെടുക്കുമെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യക്കുറവാണ് ഈ കൃത്യതയില്ലായ്മക്കും ആസൂത്രണക്കുറവിനും കാരണമെന്ന് കഴിഞ്ഞ ദിവസം എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍ക്കാറിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കില്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കാനും വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണ കാലാവധി ചുരുക്കാനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തു അവരുടെ അഭിപ്രായവും യാത്രക്കാരുടെ താത്പര്യവും കണക്കിലെടുത്താണ് സാധാരണഗതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താറ.് കരിപ്പൂരില്‍ അതുമുണ്ടായില്ല. വിഷയവുമായി ബന്ധപ്പെട്ടു വിപുലമായ യോഗം വിളിച്ചു കൂട്ടാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമായില്ല.
പൂര്‍ണമായും സര്‍ക്കാര്‍ ഉടമയിലുള്ള സ്ഥാപനമാണ് കരിപ്പൂര്‍ വിമാനത്താവളം. നെടുമ്പാശ്ശേരിയാകട്ടെ സര്‍ക്കാര്‍, സ്വകാര്യ കൂട്ടുസംരഭമാണ്. അതിന്റെ പകുതി ലാഭം സ്വകാര്യ സംരഭകരുടെ കൈകളിലാണെത്തുന്നത്. ഒരു ചെറിയ വിമാനം വന്നിറങ്ങുമ്പോഴും പോകുമ്പോഴും 63,000 രൂപയിലധികമാണ് അവിടെ വരുമാനം. ഒരാഴ്ച കരിപ്പൂരിന്റെ ഷെഡ്യൂള്‍ മാറിയാല്‍ 70 ലക്ഷം രൂപയാണ് നെടുമ്പാശ്ശേരിയിലേക്ക് വഴിമാറുന്നത്. നല്ല ലാഭത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെങ്കിലും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ശോഷിച്ചാല്‍ അവിടെ വരുമാനവും ലാഭവും കുത്തനെ ഉയരും. ഇതറിയാകുന്ന നെടുമ്പാശ്ശേരി ലോബി കരിപ്പൂരിന്റെ ശോഷണത്തിനായി കരുക്കള്‍ നീക്കുന്നതായി നേരത്ത തന്നെ പരാതിയുണ്ട്. സ്ഥിരം ഹജ്ജ് യാത്രാ കേന്ദ്രമായി മാറിയാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രാധാന്യവും വരുമാനവും വര്‍ധിക്കുമെന്നതിനാല്‍, അവിടെ ഹജ്ജ് ഹൗസ് പണിയാനുള്ള തീരുമാനം ഇതിന്റെ മുന്നോടിയാണെന്ന ആശങ്ക തള്ളിക്കളയാനാകില്ല.
മലബാറുകാരുടെ നീണ്ടകാലത്തെ മുറവിളിക്കു ശേഷമാണ് കരിപ്പൂരില്‍ വിമാനത്താവളം സ്ഥാപിതമാകുന്നത്. അതിന് മുമ്പ് മലബാര്‍ നിവാസികള്‍ വിദേശയാത്രക്ക് കൂടുതലും ആശ്രയിച്ചിരുന്ന മുംബൈ, മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവള ലോബികള്‍ അന്ന് മുതലേ കരിപ്പൂരിനെതിരെ കരുക്കള്‍ നീക്കുന്നുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളം വന്നതോട ഈ നീക്കം കൂടുതല്‍ ശക്തമായി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ കൂടുതലും കൊച്ചിയിലേക്ക് മാറ്റിയത് ഇതിന്റെ പ്രതിഫലനമായിരുന്നു. സ്വകാര്യ പങ്കാളിത്വത്തിലുള്ള കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കരിപ്പൂരിന്റെ ഭാവി കൂടുതല്‍ അവതാളത്തിലാകും. കരിപ്പൂരിനെ മുരടിപ്പിക്കാനും കേരളത്തിന്റെ ഹജ്ജ് യാത്രാ ആസ്ഥാനം ഇവിടെ നിന്ന് പൂര്‍ണമായും മാറ്റാനുമുള്ള കരുനീക്കങ്ങള്‍ക്കെതിരെ മലബാറില്‍ നിന്നുള്ള ജനപ്രതിനിധികളും സംഘടനകളും ജനങ്ങളും ജാഗരൂകരാകേണ്ടതുണ്ട്. ശക്തമായ സമ്മര്‍ദമുണ്ടെങ്കില്‍ നവീകരണ പ്രവൃത്തികള്‍ക്കായി റണ്‍വേയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ കാലാവധി ചുരുക്കാനുമാകും.