Connect with us

Kerala

അനാഥ വിദ്യാര്‍ഥിനി കാന്തപുരത്തിന് എഴുതിയ കത്ത് വൈറലാകുന്നു

Published

|

Last Updated

കോഴിക്കോട്: അനാഥ സംരക്ഷണം ജീവിത വ്രതമാക്കിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അനാഥ വിദ്യാര്‍ഥിനി എഴുതിയ കത്ത് വൈറലാകുന്നു. മര്‍ക്കസ് ഓര്‍ഫന്‍ കെയര്‍ പദ്ധതിയുടെ ആനുകൂല്യത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടി തന്റെ നിക്കാഹിന് കാന്തപുരത്തെ ക്ഷണിച്ചുകൊണ്ട് എഴുതിയ കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാന്തപുരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കത്ത്.

“ബഹുമാനവും ആദരവും നിറഞ്ഞ എന്റെ പോറ്റുപ്പ അറിയുവാന്‍ മകള്‍ സ്വഫ്‌വാന വളരെ ആദരവോടെ… അസ്സലാമു അലൈക്കും” എന്ന് തുടങ്ങുന്ന കത്ത് ഏവരുടെയും കരളലിയിക്കുന്നതാണ്. തന്റെ നിക്കാഹ് തീരുമാനിച്ചിട്ടുണ്ടെന്നും ആ കര്‍മം പോറ്റുപ്പ നിര്‍വഹിച്ചുതരണമെന്നുമാണ് കത്തിലെ അഭ്യര്‍ഥന. അനാഥരായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് കാന്തപുരം എത്രത്തോളം വലിയ സാന്ത്വനമാണ് പകരുന്നതെന്ന് ഈ കത്തിലെ ഓരോ വരികളും വിളിച്ചുപറയുന്നു.

ദിവസവും തന്നെ തേടി എത്തുന്ന നിരവധി കത്തുകളില്‍ ഒന്നാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരം കത്ത് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ എഴുതുന്ന ഇത്തരം കത്തുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഇനിയും സഞ്ചരിക്കാനുള്ള ഉര്‍ജമാണ് കൈവരുന്നതെന്ന് കാന്തപുരം എഴുതുന്നു. “ഞാന്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഈ കുഞ്ഞുമോള്‍ “മര്‍കസ് ഓര്‍ഫന്‍ കെയര്‍” പദ്ധതിയുടെ മൂവായിരത്തോളം വരുന്ന ഗുണഭോക്താക്കളില്‍ ഒരാളാണ്. ഈ വരികള്‍ എന്റെ കണ്ണ് നനയ്ക്കുന്നു” – ഫേസ്ബുക്ക് പോസ്റ്റില്‍ കാന്തപുരം കുറിച്ചു.

പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ 460 ഷെയറുകളാണ് ഇതിന് ലഭിച്ചത്. ജാതിമത ഭേദമന്യേ 1200ലധികം പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്. ആശയപരമായി സുന്നത്ത് ജമാഅത്തിനോട് അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നവര്‍ പോലും കാന്തപുരത്തിന്റെ അനാഥ അഗഥി സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് കമന്‍ഡുകളിലും കാണാം. പേജില്‍ നിന്ന് നേരിട്ട് ഷെയര്‍ ചെയ്തതിന് പുറമെ കത്ത് ഡൗണ്‍ലോഡ് ചെയ്തും പലരും ഷെയര്‍ ചെയ്യുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അനാഥ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും മരുന്നും പഠനോപകരണങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് മര്‍ക്കസ് ഓര്‍ഫന്‍ കെയര്‍. കേരളത്തിന് പുറമെ ആസാം, ത്രിപുര, കാശ്മിര്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനാഥ മക്കളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. മുവായിരത്തോളം പേര്‍ക്ക് ഇപ്പോള്‍ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

11206535_840226872727805_8030141728054125167_o

അസ്സലാമു അലൈകും ദിവസവും കയ്യിൽ കിട്ടുന്ന നിരവധി കത്തുകൾ.ജീവിതത്തിൻറെ വിവിധ തുറകളിൽ പെട്ടവർ എഴുതുന്നത്.അവയിലൂടെ കണ്ണോടി…

Posted by ‎Sheikh Aboobacker Ahmed الشيخ أبوبكر أحمد‎ on Thursday, May 14, 2015

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

---- facebook comment plugin here -----

Latest