Connect with us

Thrissur

കനത്ത മഴയും ഇടിമിന്നലും; വ്യാപക നാശനഷ്ടം

Published

|

Last Updated

എരുമപ്പെട്ടി: കനത്തമഴയില്‍ എരുമപ്പെട്ടിയില്‍ വന്‍ ആല്‍മരം കടപുഴകി വീണ് ചായക്കടയും, തട്ടുകടയും തകര്‍ന്നു. കടങ്ങോട് റോഡ് സെന്ററിന് സമീപം നിന്നിരുന്ന നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പേരാല്‍ മരമാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ നിലം പൊത്തിയത്. കാലപ്പഴക്കം മൂലം കടഭാഗം ദ്രവിച്ചതാണ് മരം മറിഞ്ഞുവീഴാന്‍ കാരണം. ഈ മരത്തിന്റെ തടിയില്‍ നിന്നും വേരില്‍ നിന്നും വളര്‍ന്ന മറ്റ് മൂന്ന് മരങ്ങള്‍ കൂടി ഇതോടൊപ്പം നിലം പൊത്തി.
പൊറത്തൂര്‍ ജോണ്‍സന്റെ വീട്ടുമതിലും വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ ഷീറ്റും മരം വീണ് തകര്‍ന്നിട്ടുണ്ട്. ചായക്കടയില്‍ ആളുകള്‍ ഇല്ലാതിരുന്നതും, റോഡിലേക്കും സമീപമുള്ള വീടിനു മുകളിലേക്കും മരം വീഴാതിരുന്നതിനാല്‍ ആളപായം ഒഴിവായി. കുന്നംകുളം വടക്കാഞ്ചേരി റോഡരുകില്‍ കാലപഴക്കം മൂലം ഉണങ്ങിയും കടഭാഗം ദ്രവിച്ചും നിരവധി മരങ്ങളാണ് ഏത് നിമിഷവും മറിഞ്ഞു വീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളറക്കാട് റോഡരുകില്‍ നിന്നിരുന്ന മരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരനായ നവവരന്‍ മരിച്ചിരുന്നു. ഈ മരത്തിന്റെ മറ്റൊരു കൊമ്പും ഇന്ന് പുലര്‍ച്ചെ പൊട്ടി വീണു.
കയ്പമംഗലം: ഇടിമിന്നലില്‍ പെരിഞ്ഞനത്ത് വ്യാപക നാശനഷ്ടം. അച്ചക്കണ്ടം കോരിശേരി ദിവാകരന്റെ വീട്ടില്‍ മെയിന്‍ സ്വിച്ച്, ഫാന്‍, ടി വി., വയറിംഗുകള്‍ എന്നിവ ഇടിമിന്നലില്‍ കത്തിനശിച്ചു. വീടിന്റെ ഭിത്തിയും നിലത്തെ ടൈല്‍സും തകര്‍ന്നിട്ടുണ്ട്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപത്തെ താണ്ടിയത്ത് പ്രഹ്ലാദന്‍, പള്ളായി മുരളി, പൈനാട്ട് ഷണ്‍മുഖന്‍, കൊള്ളിക്കത്തറ രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകളിലും ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കത്തിനശിച്ചു. പെരിഞ്ഞനം ചക്കരപ്പാടം, പുന്നയ്ക്ക ബസാര്‍ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.
ദേശമംഗലം: കഴിഞ്ഞ് ദിവസമുണ്ടായ ശക്തമായ മിന്നലില്‍ ഇരുപത്് കവുങ്ങുകളും ഇരുപത്തിയഞ്ചോളം വാഴകളും കത്തിനശിച്ചു തലേശ്ശരി ചരു വില്‍പീടികയില്‍ അബ്ബാസിന്റെ ഒരേക്കറോളം വരുന്ന തോട്ടത്തിലാണ് കൃഷി നാശമുണ്ടായത്. കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ കൊടുങ്ങല്ലൂരില്‍ പെയ്ത കനത്ത മഴയില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കനോലികായലിലേക്ക് ഒഴുകി പോകാറുള്ള മഴവെള്ളം തോടുകളും കുളങ്ങളും മണ്ണിട്ടു നികത്തിയതിനാലാണ് വെള്ളക്കെട്ട് രൂക്ഷമായത്. തോടുകളും കുളങ്ങളും നികത്തുന്നതിനെതിരേ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നെങ്കിലും റവന്യൂ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പുതുക്കാട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ രാപ്പാള്‍ പള്ളത്ത് രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പറാത്തോടിനു സമീപം ഇട്ടിയാടന്‍ ചന്ദ്രന്‍, കുളങ്ങരപ്പറമ്പില്‍ മുരളി എന്നിവരുടെ വീടുകള്‍ക്കാണ് മിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചത്. ചന്ദ്രന്റെ വീടിന്റെ ചുവരുകള്‍ക്ക് വിള്ളലുകല്‍ സംഭരിക്കുകയും കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയും ചെയ്തു. ടി വി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങള്‍ തകരാറിലായി. മുരളിയുടെ വീടിന്റെ വൈദ്യുതി ബോര്‍ഡുകള്‍ കത്തിപ്പോയി. പറമ്പിലെ തെങ്ങുകളും കവുങ്ങുകളും മിന്നലില്‍ കത്തിനശിച്ചു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest