അനിത ഇനിയും ജീവിക്കും, അഞ്ച് പേരുടെ കണ്ണും കരളുമായി

Posted on: May 14, 2015 12:44 pm | Last updated: May 14, 2015 at 12:44 pm

കോഴിക്കോട്; ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട കുറുവങ്ങാട് പുല്ലംങ്കോട്താഴെ അനിത(38)യുടെ അവയവങ്ങള്‍ ഇനി അഞ്ച് പേരുടെ ജീവന് വെളിച്ചമേകും.

ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സംഭവിച്ച അനിതയുടെ വൃക്കകള്‍, കണ്ണുകള്‍, കരള്‍ എന്നിവ ദാനം ചെയ്യുന്നതായി ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള രേഖകളും ബന്ധുക്കള്‍ കൈമാറി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും മിംസ് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ ചേര്‍ന്ന് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് റേഷന്‍കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് അനിത അപകടത്തില്‍പ്പെട്ടത്. കുറുവങ്ങാട് മാവിന്‍ച്ചുവടില്‍ നിന്ന്‌റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗതയിലെത്തിയ ബൈക്ക് അനിതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്കും കാലിനും സാരമായി പരുക്കേറ്റ അനിതയെ നാട്ടുകര്‍ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്‌കൊണ്ടുപോകവെ ബോധം നഷ്ടപ്പെട്ട അനിത വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടു കുട്ടികളുടെ അമ്മയായ അനിതയുടെ ഇളയ മകള്‍ അവിഷ്മ (6) ഓട്ടിസം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. അവിഷ്ണയാണ് മൂത്ത മകള്‍. കൊല്ലം അട്ടവയല്‍ സ്വദേശി ഗോപാലന്റെയും പാറുവിന്റെയും മകളാണ് അനിത. കൂലിപ്പണിക്കാരനായ കുറുവങ്ങാട് പുല്ലങ്കോട്ടതാഴെ വിനോദനാണ് ഭര്‍ത്താവ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകീട്ട് മണിയോടെ അനിതയുടെ മൃതദേഹം അട്ടവയലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.