Kerala
സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വോട്ടിംഗ് നടത്തിയ വി എസ് പക്ഷ നേതാക്കള്‍ക്കെതിരെ സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം. സംഘടിതമായ നീക്കം വിഭാഗീയമായി മാത്രമേ കാണാന്‍ കഴിയൂവെന്നും ഇത് അണികളിലേക്കും കീഴ്ഘടകങ്ങള്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും യോഗത്തില്‍ പൊതു വികാരം ഉയര്‍ന്നു.
വോട്ടിംഗിന്റെ പേരില്‍ ആര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വിമര്‍ശത്തെ ഒരു നടപടിയായി കാണേണ്ടതില്ലെന്നും ചര്‍ച്ചക്ക് മറുപടി നല്‍കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ തുടങ്ങാനും അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് സജീവമായി ഇറങ്ങാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടേറിയറ്റിലേക്ക് നിര്‍ദേശിക്കപ്പെട്ട ഔദ്യോഗിക പാനലിനെതിരെ ബദല്‍ പേരുകള്‍ നിര്‍ദേശിച്ച് വോട്ട് ചെയ്ത വി എസ് അനുകൂലികളായ എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, ജെ മേഴ്‌സികുട്ടിയമ്മ, സി കെ ശശീന്ദ്രന്‍, സി കെ സദാശിവന്‍, പിരപ്പന്‍കോട് മുരളി, സി എസ് സുജാത, എം ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് യോഗത്തില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നത്. അനഭിലഷണീയ പ്രവണതയാണിതെന്ന് കോടിയേരി ബാലകൃഷ്ണന്‍ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. ഇതിന്റെ ചുവടു പിടിച്ച് നടന്ന ചര്‍ച്ചയിലാണ് വി എസ് പക്ഷത്തെ കടന്നാക്രമിച്ചത്.
വിഭാഗീയ ചുവയുള്ള ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. മത്സരമില്ലാതെ എന്തിനാണ് വോട്ടെടുപ്പ് നടത്തിയത്. പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത നിലപാടുണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടിയാണ് ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് വന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വിഭാഗീയമായ നീക്കമല്ല നടന്നതെന്ന് വോട്ടിംഗില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ ദിവസം തന്നെ വിശദീകരിച്ചിരുന്നു.
എല്ലാവരും യോജിച്ച് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും വോട്ടിംഗിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും ചര്‍ച്ചക്ക് മറുപടി നല്‍കിയ കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. അനാരോഗ്യ പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മാത്രമാണ് ഉദേശിച്ചതെന്നും കോടിയേരി പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
വാര്‍ഡ് വിഭജനം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ സജീവമായി ഇടപെടും. രാഷ്ട്രീയമായി വാര്‍ഡുകള്‍ വെട്ടിമുറിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് യോഗം നിര്‍ദേശിച്ചു. ഡി-ലിമിറ്റേഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പുകളില്‍ സജീവമായി ഇടപെടാനും യോഗം നിര്‍ദേശിച്ചു.