Gulf
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഷാര്‍ജയിലും

ഷാര്‍ജ: ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സംവിധാനത്തില്‍ ഷാര്‍ജ എമിറേറ്റും. എമിറേറ്റിലെ തെരുവുകളും പ്രാന്ത പ്രദേശങ്ങളുമൊക്കെ ഇനി സ്ട്രീറ്റ് വ്യൂ വഴി കാണാന്‍ സാധിക്കും.
ഷാര്‍ജ നഗരാസൂത്രണ സമിതി ഗൂഗിളുമായുണ്ടാക്കിയ ധാരണ പ്രകാരമാണിത് സാധ്യമാക്കിയത്.
ഷാര്‍ജ നഗരവും പരിസര പ്രദേശങ്ങളും പ്രമുഖ സന്ദര്‍ശന കേന്ദ്രങ്ങളുമൊക്കെ “സ്ട്രീറ്റ് വ്യൂ കാര്‍” രേഖപ്പെടുത്തും. നഗരത്തില്‍ പ്രദക്ഷിണം നടത്തുന്ന കാറിന്മേല്‍ ഘടിപ്പിച്ച പ്രത്യേകതരം ക്യാമറകളാണ് എമിറേറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുക. ഇവ കോര്‍ത്തിണക്കി ഷാര്‍ജയുടെ സമഗ്രമായ ചിത്രം ലഭിക്കുംവിധം രേഖപ്പെടുത്തും. വാഹനമോടിക്കുന്നവര്‍ക്കും എമിറേറ്റിലേക്ക് സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഏറെ ഉപകാരപ്പെടുമെന്ന് നഗരാസൂത്രണ സമിതി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ചൂണ്ടിക്കാട്ടി.
എമിറേറ്റില്‍ അനുയോജ്യമായ ഒരിടത്ത് വീട് കണ്ടെത്തണമെങ്കിലും ഒരു ഹോട്ടലിന്റെ കൃത്യമായ സ്ഥലം മനസ്സിലാക്കുന്നതിനുമൊക്കെ സ്ട്രീറ്റ് വ്യൂവിനെ ആശ്രയിക്കാം. എമിറേറ്റിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കും ഇതേറെ സഹായകമാകും.
63 രാജ്യങ്ങളിലെ മൂവായിരത്തിലധികം നഗരങ്ങള്‍ ഇത്തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇടംപിടിച്ചിട്ടുണ്ട്. ദുബായിക്ക് ശേഷം സ്ട്രീറ്റ് വ്യൂവില്‍ സ്ഥാനം നേടുന്ന ആദ്യത്തെ അറബ് നഗരമാണ് ഷാര്‍ജ.