യുഎഇ സന്ദര്‍ശനം: ജിസിസിയിലുള്ളവര്‍ ഇ-വിസ കരുതണം

Posted on: May 12, 2015 4:59 pm | Last updated: May 12, 2015 at 4:59 pm

ദുബൈ: യു എ ഇ സന്ദര്‍ശിക്കാന്‍ ജി സി സി റസിഡന്‍സ് പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ ഇ-വിസക്ക് അപേക്ഷിക്കണമെന്ന് പുതിയ നിയമം. വിസാ ഓണ്‍ അറൈവല്‍ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പങ്കാളികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ജി സി സിയില്‍ ഉന്നത ജോലിയുള്ള വിദേശികള്‍ക്ക് യു എ ഇ സന്ദര്‍ശിക്കാന്‍ മുന്‍കൂട്ടി വിസ വേണ്ടിയിരുന്നില്ല. ഇ-വിസയുമായി എത്തുന്നവരെ മാത്രമേ വിമാനത്താവളത്തില്‍ സ്വീകരിക്കുകയുള്ളു.

സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ജി സി സി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരടക്കം ധാരാളം വിദേശികള്‍ യു എ ഇയില്‍ എത്താറുണ്ടായിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കാണ് മിക്കവരും എത്തുന്നത്. ഇ-വിസ വേണമെന്ന നിബന്ധന അവര്‍ക്ക് തിരിച്ചടിയാകും.
വിസയുള്ള രാജ്യത്തുനിന്ന് യു എ ഇയിലേക്ക് വരുന്ന ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം ഒരു മാസക്കാലത്തെ വിസ അടിച്ചുനല്‍കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഇതിനു പകരം ഇമിഗ്രേഷന്‍ ഡയറക്ടറേറ്റിന്റെ വെബ് സൈറ്റില്‍ ഉള്‍പെടുത്തിയ ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് അധികൃതര്‍ക്ക് സമര്‍പിക്കണമെന്നാണ് പുതിയ ചട്ടം അനുശാസിക്കുന്നത്.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം പാസ്‌പോര്‍ട്ട് കോപ്പിയും നിലവിലുള്ള രാജ്യത്തെ വിസാപേജും കളര്‍ഫോട്ടോയും സ്‌കാന്‍ ചെയ്ത് സമര്‍പിച്ചിരിക്കണം. അപേക്ഷകന്റെ നിലവിലെ രാജ്യത്തെ വിസാ കാലാവധി ചുരുങ്ങിയത് മൂന്ന് മാസവും പാസ്‌പോര്‍ട്ട് ആറുമാസവുമുണ്ടായിരിക്കണം. ഇത്തരത്തില്‍ നിബന്ധനകളൊത്ത അപേക്ഷകര്‍ക്ക് നല്‍കുന്ന വിസ 60 ദിവസത്തിനകം ഉപയോഗിച്ചിരിക്കണം. രാജ്യത്ത് പ്രവേശിച്ചത് മുതല്‍ 30 ദിവസമാണ് കാലാവധിയുണ്ടാവുക. അതിനുശേഷം ആവശ്യമെങ്കില്‍ നിശ്ചിത ഫീസടച്ച് 60 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും സൗകര്യമുണ്ടായിരിക്കും.
ഓണ്‍ലൈനായി ലഭിച്ച വിസയില്‍ എത്തിയ വ്യക്തി അപേക്ഷയില്‍ കാണിച്ചതിനു വിരുദ്ധമായി, നിലവിലുള്ള രാജ്യത്തെ വിസ കാലാവധി തീര്‍ന്നതായോ ക്യാന്‍സല്‍ ചെയ്യപ്പെട്ടതായോ പ്രൊഫഷനില്‍ മാറ്റമുള്ളതായോ ബോധ്യപ്പെടുന്ന പക്ഷം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കപ്പെടുന്നതല്ല. ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ കുടുംബങ്ങളേയും മറ്റും സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി എത്തുന്നതിന് ഏറെ സഹായകമാണ് ഓണ്‍ അറൈവല്‍ വിസാ സൗകര്യം.
സഊദിയിലേക്ക് ഓണ്‍ അറൈവല്‍ സൗകര്യം നേരത്തെ ലഭ്യമല്ലായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓണ്‍ അറൈവല്‍ വിസാ ചട്ടങ്ങള്‍ ഏറെ ലഘുവായ രാജ്യമായിരുന്നു യു എ ഇ. പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ ഏറെ ലളിതമായിരുന്ന സൗകര്യമാണ് ഇല്ലാതായിരിക്കുന്നത്.