Kozhikode
പട്ടിക ജാതി വകുപ്പും ഗ്രാമപഞ്ചായത്തും കൈയൊഴിഞ്ഞ ആദിവാസിക്ക് തുണയായത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്

പേരാമ്പ്ര: പട്ടിക ജാതി ക്ഷേമ വകുപ്പും ഗ്രാമപഞ്ചായത്തും കയ്യൊഴിഞ്ഞ, തെങ്ങില്‍ നിന്ന് വീണ് നട്ടെല്ല് പൊട്ടി കിടപ്പിലായ ആദിവാസിക്ക് തുണയായത് പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍.
മുതുകാട് നരേന്ദ്രദേവ് കോളനിയിലെ നാല്‍പ്പതുകാരനായ ജനാര്‍ദനന് ഇപ്പോള്‍ ചികിത്സക്കും നിത്യവൃത്തിക്കും ആശ്രയം ചക്കിട്ടപാറ ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരാണ്. വീഴ്ചയെ തുടര്‍ന്ന് നട്ടെല്ലിന് കമ്പിയിട്ട ജനാര്‍ദനന് മൂത്രാശയ രോഗവും പിടിപെട്ടതോടെ ഇടക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണം. പെരുവണ്ണാമൂഴി സി എച്ച് സിയില്‍ ആംബുലന്‍സുണ്ടെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്ന് പെയിന്‍ ക്ലിനിക്കിന്റെ ഓംനി വാനില്‍ ഇരുത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നതെന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറയുന്നു. മുതുകാട് ആദിവാസി കോളനി സ്ഥിതിചെയ്യുന്നത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന അഞ്ചാം വാര്‍ഡിലാണ്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സൗകര്യങ്ങളൊന്നും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. നിരക്ഷരയായ ഭാര്യയും വിവാഹ പ്രായമായ മകളും വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടുന്നതാണ് ജനാര്‍ദനന്റെ കുടുംബം. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ജനാര്‍ദ്ദനന്‍ പോരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്.