Kozhikode
താമരശ്ശേരിയില്‍ വാനരപ്പട നാട്ടിലിറങ്ങി നാശം വിതക്കുന്നു

താമരശ്ശേരി: പുതുപ്പാടിയില്‍ വാനരപ്പട ജനവാസ കേന്ദ്രത്തിലെത്തി നാശം വിതക്കുന്നു. ചുരത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നേത്തെയുള്ള വാനര ശല്യം ഇപ്പോള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ചിപ്പിലിതോട്, പൊട്ടിക്കൈ, മുപ്പതേക്ര, അടിവാരം, കൈതപ്പൊയില്‍, വെസ്റ്റ് കൈതപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൂട്ടത്തോടെയെത്തുന്ന വാനരപ്പട കാര്‍ഷിക വിളകള്‍ നശിപ്പിക്കല്‍ പതിവാണ്.
തെങ്ങിലെ കരിക്ക് ഉള്‍പ്പെടെ പറിച്ച് നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. ആളില്ലാത്ത വീടുകളുടെ ഓട് നീക്കി അകത്തുകടന്ന് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നശിപ്പിക്കുന്നുണ്ട്. വീട്ടുമുറ്റക്ക് അലക്കിയിടുന്ന വസ്ത്രങ്ങള്‍ വാനര സംഘം കൈക്കലാക്കും. മാസങ്ങള്‍ക്കുമുമ്പ് അടിവാരം അങ്ങാടിയിലെ ഹോട്ടലില്‍ മുറിയെടുത്ത കൊടക് സ്വദേശികളായ കുടുംബത്തിലെ പെണ്‍കുട്ടി കുരങ്ങിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍നിന്നും താഴെ വീണ് പരുക്കേറ്റിരുന്നു.
ചുരത്തില്‍ കുരങ്ങുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ഭക്ഷണം കിട്ടാതാകുകയും ചെയ്തതാണ് ഇവ ജനവാസ കേന്ദ്രത്തിലേക്ക് ചേക്കേറാന്‍ കാരണമെന്നാണ് കരുതുന്നത്. കാട്ടുപന്നിയുടെ ശല്യം അസഹ്യമായ പ്രദേശങ്ങളില്‍ വാനരശല്യം കൂടി രൂക്ഷമായതോടെ പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
വാനരശല്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.