International
ഇസില്‍ തീവ്രവാദികള്‍ പുതിയ നേതാവിനെ തിരയുന്നു

ദമസ്‌കസ്: ഇസില്‍ തീവ്രവാദികളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നു. നട്ടെല്ലിന് ക്ഷതം ഏറ്റെന്ന് സംശയിക്കപ്പെടുന്ന നിലവിലെ നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ അവശത കാരണമാണ് തിരഞ്ഞെടുപ്പ്. ഇറാഖില്‍ നിന്ന് തീവ്രവാദികളുടെ യഥാര്‍ഥ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിറിയന്‍ നഗരം റഖയിലേക്ക് അദ്ദേഹം നീങ്ങിയിട്ടുണ്ട്. വെടിയുണ്ടയേല്‍പ്പിച്ച സാരമായ പരുക്കുകളും നട്ടെല്ലിനേറ്റ പരുക്കുകളും നിശ്ചലമായ ഇടതുകാലും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ദ ഡെയ്‌ലി ബെസ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആജ്ഞകള്‍ പുറപ്പെടുവിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ബഗ്ദാദി മാനസികമായി പ്രാപ്തനാണ്. അദ്ദേഹത്തിന്റെ ശാരീരിക അവശതകളാണ് താത്കാലിക നേതാവിനെ തിരഞ്ഞെടുക്കാന്‍ ഇസിലിന്റെ ശൂറാ കൗണ്‍സിലിനെ പ്രേരിപ്പിക്കുന്നത്. ഫലത്തില്‍ പുതിയ നേതാവ് ബഗ്ദാദിയുടെ കീഴില്‍ തന്നെയായി ഒരു ഉന്നത പകരക്കാരനായി മാറുമെന്ന് കരുതപ്പെടുന്നു.