International
യമന്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം: ഹൂത്തികള്‍ മൊറോക്കോ യുദ്ധവിമാനം വീഴ്ത്തി

കൈറോ: യമന്‍- സഊദി അറേബ്യ അതിര്‍ത്തിയില്‍ ഹൂത്തിവിമതരും അറബ്‌സഖ്യ സൈന്യവും ശക്തമായ ഏറ്റുമുട്ടല്‍. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇന്നാരംഭിക്കാനിരിക്കെയാണ് വ്യോമാക്രമണം ഇരുവിഭാഗവും ശക്തിപ്പെടുത്തിയത്. യമന്‍ നഗരമായ സആദയിലും ഹജ്ജയിലും സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം 150ലേറെ റോക്കറ്റാക്രമണങ്ങള്‍ നടത്തി. ഇതിന് പുറമെ എണ്ണഉത്പാദന പ്രവിശ്യയായ മഅ്‌രിബിലെയും തായിസിലെയും ഹൂത്തി സംഘങ്ങള്‍ക്ക് നേരെയും സഊദി വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി. ഇതിനുള്ള മറുപടിയായി തങ്ങളുടെ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് സഊദി നഗരങ്ങളായ ജിസാനിലും നജിറാനിലും ആക്രമണം നടത്തിയതായി ഹൂത്തികളും പറഞ്ഞു. സംഭവങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സഊദിക്ക് നേരെ നടന്ന ഹൂത്തികളുടെ പ്രത്യാക്രമണം, ആറ് ആഴ്ചയായി തുടരുന്ന അറബ് സഖ്യസൈന്യത്തിന്റെ വ്യോമാക്രമണങ്ങള്‍ അവരെ പിറകോട്ടടിപ്പിച്ചിട്ടില്ലെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ യമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വിമതഹൂത്തികള്‍ തന്നെയാണ് ആധിപത്യം തുടരുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് തങ്ങള്‍ സന്നദ്ധരാണെന്നും പക്ഷേ, തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഹൂത്തികള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കരാറിന്റെ വിജയമെന്നും സഊദി അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഞ്ച് ദിവസത്തെ താത്കാലിക വെടിനിര്‍ത്തലിന് ഹൂത്തികള്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ നോക്കിയിരിക്കില്ലെന്നും ഹൂത്തികള്‍ നിലപാടറിയിച്ചിട്ടുണ്ട്.
അതിനിടെ, അറബ്‌സഖ്യസൈന്യത്തില്‍ പങ്കാളിയായ മൊറോക്കോയുടെ യുദ്ധവിമാനം കാണാതായി. യുദ്ധവിമാനം തങ്ങള്‍ വെടിവെച്ചിടുകയായിരുന്നു എന്ന് അവകാശപ്പെട്ട് ഹൂത്തികളും രംഗത്തെത്തിയിട്ടുണ്ട്. യുദ്ധവിമാനം ഞായറാഴ്ച മുതല്‍ കാണാതായതായി മൊറോക്കോ റോയല്‍ ആംഡ് ഫോഴ്‌സ് ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ തിരികെ പ്രസിഡന്റ് പദവിയിലെത്തിക്കണമെന്ന ആവശ്യവുമായി അമേരിക്കയുടെ പിന്തുണയോടെ അറബ് സഖ്യസൈന്യം കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ യമനിലെ ഹൂത്തികള്‍ക്കെതിരെ ആക്രമണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു യുദ്ധവിമാനം യുദ്ധത്തിനിടെ കാണാതാവുന്നത്. എഫ് 16 യുദ്ധവിമാനമാണ് കാണാതായതെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. യുദ്ധസന്നാഹങ്ങളുടെ ആധുനീകരണത്തിന്റെ ഭാഗമായി 2011ലാണ് മൊറോക്കോ അമേരിക്കയില്‍ നിന്ന് 24 യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നത്. ഇതിന് ശേഷം ഇതാദ്യമായാണ് ഈ യുദ്ധവിമാനങ്ങളുപയോഗിച്ച് മൊറോക്കോ സൈനിക രംഗത്ത് ഇടപെടുന്നത്.
അതേസമയം, യുദ്ധത്തില്‍ തകര്‍ന്ന യമനിലെ ജനങ്ങള്‍ക്ക് ദുരിതാശ്വസ സാമഗ്രികളെത്തിക്കാന്‍ അഞ്ച് ദിവസം മതിയാകില്ലെന്ന് 17 അന്താരാഷ്ട്ര ദുരിതാശ്വസ സംഘടനകള്‍ ചൂണ്ടിക്കാട്ടി.