Gulf
സൂര്യാതാപം: 10 തൊഴിലാളികള്‍ തളര്‍ന്ന് വീണു; ഉച്ച വിശ്രമ നിയമത്തിന് ഒരുക്കം

ദുബൈ: നിര്‍മാണ ജോലിയിലേര്‍പെട്ടിരുന്ന 10 തൊഴിലാളികള്‍ കടുത്ത ചൂടിനെ തുടര്‍ന്ന് തളര്‍ന്ന് വീണതായി സെവന്‍ഡേയ്‌സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ചികിത്സ നല്‍കിയതായി ദുബൈ ആംബുലന്‍സ് വിഭാഗം മേധാവി മറിയം അല്‍ ബലൂശി വ്യക്തമാക്കി. വേനല്‍കാലത്ത് സൂര്യാതപം കൊണ്ടു തൊഴിലാളികള്‍ ക്ഷീണിച്ച് അവശരാകാറുണ്ട്. താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതിനാല്‍ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മറിയം അല്‍ ബലൂശി നിര്‍ദേശിച്ചു. ഇതിനിടയില്‍ ഉച്ച വിശ്രമ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. ജൂണ്‍ 15 മുതല്‍ സ്‌പെറ്റംബര്‍ 15 വരെയാണു ഉച്ചവിശ്രമം നല്‍കുക. ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നുവരെ തൊഴിലാളികള്‍ക്കു പൂര്‍ണ വിശ്രമം നല്‍കണമെന്നാണു നിയമം. ഇതു ലംഘിക്കുന്ന തൊഴിലുടമകള്‍ക്കു 15,000 ദിര്‍ഹം പിഴ ചുമത്തും.
നിയമം തൊഴിലുടമകള്‍ കര്‍ശനമായി പാലിക്കുന്നതിനായി ബോധവല്‍കരണ പദ്ധതികള്‍ക്കാണു മന്ത്രാലയവും ഹെല്‍ത്ത് അതോറിറ്റിയും മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായി ആറായിരം തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കാതിരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. 2611 ലേബര്‍ ക്യാംപുകളിലും പരിപാടികള്‍ ആവിഷ്‌കരിക്കും. ഏഴു ലക്ഷം തൊഴിലാളികള്‍ക്കു ആശ്വാസമേകുന്ന വ്യത്യസ്ത പദ്ധതികള്‍ക്കാണു ഹെല്‍ത് അതോറിറ്റി നേതൃത്വം നല്‍കുകയെന്നു പൊതു ആരോഗ്യ വകുപ്പ് ആക്ടിങ് ഡയക്ടര്‍ ഡോ. ഫരീദ അല്‍ഹൂസ്‌നി പറഞ്ഞു.
തൊഴിലാളികള്‍ക്കു സൂര്യാതപമേല്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഉഷ്ണകാല ആരോഗ്യ പ്രശ്‌നങ്ങളെ ഗൗരവ പൂര്‍വം ഗൗനിക്കണമെന്നാണു അധികൃതരുടെ നിര്‍ദേശം. ഹെല്‍ത് അതോറിറ്റിയുടെ സൗജന്യ തൊഴില്‍ സുരക്ഷാ പദ്ധതയില്‍ പങ്കാളികളാകാന്‍ തൊഴിലുമടകളെ പ്രേരിപ്പിക്കും. വന്‍കിട കമ്പനികള്‍ വേണ്ടത്ര സുരക്ഷാ പദ്ധതികള്‍ ഉള്ളതിനാല്‍ ചെുറുകിട കമ്പനികളെയാണു പദ്ധതിയുടെ ഭാഗമാക്കാന്‍ ഹെല്‍ത് അതോറിറ്റി ശ്രമിക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം സ്റ്റിക്കറുകളും ലഘുലേഖകളും ബഹുവിധ ഭാഷകളില്‍ പുറത്തിറക്കിയിട്ടുണ്ട്. പരിശീലന പരിപാടികളുടെ രണ്ടേകാല്‍ ലക്ഷം സി ഡികളാണു വിതരണം ചെയ്യുക. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്കു ഈ സി ഡികളും കൈപുസ്തകങ്ങളും സൗജന്യമായി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു തൊഴിലാളികള്‍ക്കു സൗജന്യ വൈദ്യസഹായവും ഹെല്‍ത് അതോറിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.