Gulf
ലോക ടെലികമ്യൂണിക്കേഷന്‍ സമ്മേളനം യു എ ഇയില്‍

ദുബൈ: ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ 150-ാം വാര്‍ഷികത്തിന് യു എ ഇ ആതിഥ്യമരുളുമെന്ന് യു എ ഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി അറിയിച്ചു.
ഈ മാസം 17ന് ലോകനേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാവര്‍ക്കും ബ്രോഡ്ബാന്റ്, സൈബര്‍ സുരക്ഷിതത്വം തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ലോക സമ്മേളനം.
ഇന്റര്‍നെറ്റ്, ടെലികോം എന്നീ മേഖലകളില്‍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക സംഘടനയാണ് ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ ടി യു). ഇപ്പോള്‍ 193 രാജ്യങ്ങള്‍ക്ക് അംഗത്വമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലികമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് രംഗത്തെ പുരോഗതിക്ക് ആക്കംകൂട്ടുന്ന ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും.
വേള്‍ഡ് ടെലികമ്യൂണിക്കേഷന്‍ ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സ് കഴിഞ്ഞ വര്‍ഷം ദുബൈയിലായിരുന്നുവെന്ന് ഹമദ് ഉബൈദ് മന്‍സൂരി ഓര്‍മിപ്പിച്ചു. ഡയറക്ടര്‍ നാസര്‍ ബിന്‍ ഹമ്മാദിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.