Kozhikode
വ്യാജമദ്യം പിടിക്കാന്‍ ജില്ലാ ഭരണകൂടവും എക്‌സൈസും

കോഴിക്കോട്: വ്യാജ മദ്യത്തിന് കടിഞ്ഞാണിടാന്‍ ജില്ലാ ഭരണകൂടവും എക്‌സൈസ് സംഘവും രംഗത്തെത്തുന്നു. വിവിധ വകുപ്പുകളെ ഏകോപിച്ചാണ് വ്യാജ മദ്യ വേട്ട ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇതിനു വേണ്ടി പോലീസ് പട്രോളിംഗും ശക്തമാക്കും. 24 മണിക്കൂറും തുറന്നിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് വ്യാജമദ്യത്തെ കുറിച്ചുള്ള പരാതി നല്‍കാനും സാധിക്കും. മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ അടച്ചുപൂട്ടിയ പാശ്ചാത്തലത്തില്‍ വ്യാജ മദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടവും എക്‌സൈസും സംയുക്തമായി കണ്‍ട്രോള്‍ റൂം തുറക്കാനുള്ള നടപടി സ്വീകരിച്ചത്. ബാറുകള്‍ പൂട്ടിയതോടെ മദ്യത്തിനായുള്ള മദ്യപാനികളുടെ നെട്ടോട്ടം മുതലെടുക്കാന്‍ സ്പിരിറ്റ് മാഫിയ ശ്രമിക്കുന്നുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു.
മാത്രവുമല്ല മാഹിയില്‍ നിന്നുള്ള മദ്യ കടത്തും പണ്ടത്തെ അപേക്ഷിച്ച് കൂടുതലായിട്ടുണ്ട്. മാഹിയില്‍ നിന്നും വന്‍ തോതില്‍ മദ്യം കടത്തുന്നതായി അടുത്ത കാലത്തെ വാഹന പരിശോധനയില്‍ നിന്നും പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. മാഹിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം ജില്ലയിലെ പല മേഖലകളിലും എത്തിച്ച് ഇരട്ടി വിലയ്ക്കാണ് വല്‍ക്കുന്നത്.
ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ബിവറേജസിലെ തിരക്കും വ്യാജ മദ്യം വാങ്ങാന്‍ മദ്യപാനികളെ പ്രേരിപ്പിക്കുന്ന ഘടകമാണെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. മലയോര മേഖലയില്‍ സമാന്തര ബിവറേജ് പ്രവര്‍ത്തിക്കുന്നതായും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.