Kasargod
മൈക്രോഫിനാന്‍സ് തട്ടിപ്പ് അന്വേഷണം എസ് എന്‍ ഡി പി നേതാക്കളിലേക്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം എസ് എന്‍ ഡി പി യൂനിയന്റെ ഉന്നത നേതാക്കളിലേക്ക്. എസ് എന്‍ ഡി പിയുടെ ചില ഉന്നതനേതാക്കളുടെ അറിവോടെയാണ് കേരളത്തിലെ പലയിടങ്ങളിലും സാമ്പത്തികതട്ടിപ്പുകള്‍ നടന്നിട്ടുള്ളതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
എസ് എന്‍ ഡി പി യൂനിയന്റെ കീഴിലുള്ള മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ മറവില്‍ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സാമ്പത്തികതട്ടിപ്പുകളെ സംബന്ധിച്ച് നിലവില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എസ് എന്‍ ഡി പിയുടെ നിയന്ത്രണത്തിലുള്ള വനിതാ സ്വയം സഹായസംഘങ്ങളുടെ പേരില്‍ ഇവയുടെ ഭാരവാഹികളും അംഗങ്ങളും അറിയാതെ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കുകയും പണം സംഘങ്ങള്‍ക്ക് നല്‍കാതെ ചില നേതാക്കള്‍ സ്വന്തം കീശയിലാക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
എസ് എന്‍ ഡി പി തൃക്കരിപ്പൂര്‍ യൂനിയന്റെ കീഴിലുള്ള രണ്ട് വനിതാ സ്വയം സഹായസംഘങ്ങള്‍ ആണ് തട്ടിപ്പിനെതിരെ ജില്ലയില്‍ ആദ്യമായി പരാതി നല്‍കിയത്. ഈ സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപയാണ് പിന്നാക്ക വികസന കോര്‍പറേഷന്‍ വായ്പ അനുവദിച്ചിരുന്നത്. എസ് എന്‍ ഡി പിയുടെ തൃക്കരിപ്പൂരിലെ പ്രമുഖ നേതാവും മൈക്രോഫിനാന്‍സ് പദ്ധതിയുടെ നടത്തിപ്പുകാരിയായ ഒരു സ്ത്രീയും ഇടനിലക്കാരായാണ് വനിതാ സഹായ സംഘങ്ങള്‍ക്കുവേണ്ടി വായ്പ തരപ്പെടുത്തിയത്. എന്നാല്‍ പണം സംഘങ്ങള്‍ക്ക ലഭിച്ചതുമില്ല. പിന്നാക്ക വികസന കോര്‍പറേഷന്റെ കാസര്‍കോട്ടെ ഓഫീസില്‍ നിന്നാണ് വായ്പ അനുവദിച്ചിരുന്നത്.
വായ്പ വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് ലഭിച്ചിരുന്നുവോ എന്ന കാര്യത്തെക്കുറിച്ച് പിന്നാക്ക വികസന കോര്‍പറേഷന്‍ അന്വേഷിച്ചപ്പോഴാണ് പണം പല സംഘങ്ങള്‍ക്കും കിട്ടിയിട്ടില്ലെന്ന് തെളിഞ്ഞത്. വഞ്ചന ബോധ്യപ്പെട്ട തൃക്കരിപ്പൂരിലെ വനിതാ സ്വയംസഹായസംഘങ്ങള്‍ നല്‍കിയ പരാതിയില്‍ ഉദിനൂര്‍ സുകുമാരനും മറ്റുള്ളവര്‍ക്കുമെതിരെ ചന്തേര പോലീസ് കേസെടുക്കുകയും ചെയ്തു. ചന്തേര എസ് ഐ. പി വി രാജന്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തട്ടിപ്പുകളാണ് പുറത്തുവന്നത്.
പിന്നാക്ക വികസന കോര്‍പറേഷന്റെ കാസര്‍കോട്ടെ ഓഫീസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ എസ് എന്‍ ഡി പി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 75 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ തുകകള്‍ ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വ്യക്തമായത്. ഇത്രയും തുകകളുടെ തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ ആരൊക്കെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പോലീസ് എസ് പിക്ക് സമര്‍പ്പിച്ചു.