Connect with us

International

യമനിലെ ഹൂത്തി വിമതര്‍ വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ചു

Published

|

Last Updated

സന്‍ആ: യമന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അവസാനമാകണമെന്ന ലക്ഷ്യത്തോടെ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് ഹൂത്തി വിമതര്‍. സഊദി അറേബ്യ മുന്നോട്ടുവെച്ച, മാനുഷിക പരിഗണനവെച്ചുകൊണ്ടുള്ള അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഹൂത്തികള്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിവിന്റെ പരമാവധി വേഗത്തില്‍ യമനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികളെത്തിക്കുന്നതില്‍ തങ്ങള്‍ അതീവ തത്പരരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചക്ക് ഹൂത്തികള്‍ സന്നദ്ധതയറിയിച്ചു. എന്നാല്‍ എല്ലാ ചര്‍ച്ചകളും ഐക്യരാഷ്ട്ര സഭയുടെ കീഴിലായിരിക്കണമെന്ന നിബന്ധന കൂടി ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അറബ് സഖ്യസൈന്യത്തില്‍ പങ്കാളികളായ രാജ്യത്തോ സഊദി തലസ്ഥാനമായ റിയാദില്‍ വെച്ചോ ചര്‍ച്ചകള്‍ നടത്തുന്നത് സ്വീകാര്യമല്ലെന്നാണ് ഹൂത്തികളുടെ നിലപാട്.
മാനുഷിക പരിഗണനകള്‍ വെച്ച് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സഊദി വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ജുബൈര്‍ നിലപാടറിയിച്ചത്. പക്ഷേ, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരണമെങ്കില്‍ ഹൂത്തികള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന ഏക നിബന്ധന സഊദി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് തയ്യാറാണെങ്കില്‍ നാളെ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ വാഗ്ദാനം ഗൗരവമായതും യാഥാര്‍ഥ്യവുമാണെങ്കില്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഹൂത്തി വിദേശകാര്യ വക്താവ് പറഞ്ഞു.
അതിനിടെ, സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം യമനിലെ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹിന്റെ വസതിക്ക് നേരെ ബോംബാക്രമണം നടത്തി. യമന്‍ തലസ്ഥാനമായ സന്‍ആയിലാണ് സംഭവം. എന്നാല്‍ പ്രസിഡന്റ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വ്യോമാക്രമണങ്ങള്‍ സ്വലാഹിന്റെ വസതി ലക്ഷ്യമാക്കി നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണ്. ആക്രമണത്തിന് ശേഷം തന്റെ വീടിന്റെ പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്ന സ്വലാഹിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിശ്വാസ്യത ഉറപ്പാക്കിയിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 1400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest