Editorial
കാമറൂണിന്റെ വിജയം

അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കാറ്റില്‍ പറത്തി, ബ്രിട്ടീഷ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉഗ്രന്‍ വിജയം നേടി. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 331 സീറ്റുകളുമായി ഒറ്റക്ക് ഭൂരിപക്ഷം നേടി. തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്ന, എഡ് മിലിബാന്‍ഡ് നയിക്കുന്ന പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 232 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. സ്വതന്ത്ര സ്‌കോട്‌ലന്‍ഡിന് വേണ്ടി വാദിക്കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ് എന്‍ പി) സ്‌കോട്ട്‌ലന്‍ഡിലെ 59ല്‍ 56 സീറ്റും നേടി മൂന്നാം സ്ഥാനത്തെത്തി. “വേറിട്ട് പോയി” ബ്രിട്ടനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന എസ് എന്‍ പി ലേബര്‍ പാര്‍ട്ടിക്ക് പരസ്യമായി പ്രഖ്യാപിച്ച പിന്തുണക്ക് എഡ് മിലിബാന്‍ഡിന് കനത്ത വില നല്‍കേണ്ടിവന്നു. ഐക്യ ബ്രിട്ടനെ ഓമനിക്കുന്ന വോട്ടര്‍മാരില്‍ മഹാ ഭൂരിപക്ഷത്തിനും ഈ സഖ്യം ഉള്‍ക്കൊള്ളാനായില്ലെന്ന് വേണം കരുതുക. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ എസ് എന്‍ പിയുമായുള്ള സഖ്യം ലേബര്‍ പാര്‍ട്ടി ഉപേക്ഷിച്ചുവെങ്കിലും അപ്പോഴേക്കും വളരെ വൈകിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്‌കോട്‌ലന്‍ഡില്‍ 41 സീറ്റുകളുണ്ടായിരുന്ന ലേബര്‍ പാര്‍ട്ടിക്ക് ഇത്തവണ ഒറ്റ സീറ്റാണ് ലഭിച്ചത്. എസ് എന്‍ പിയാണ് ലേബറിന്റെ നഷ്ടം മുതലെടുത്തത്. സ്വതന്ത്ര സ്‌കോട്‌ലന്‍ഡിനായി വീണ്ടും ഹിതപരിശോധന നടത്തണമെന്ന മുറവിളി അവര്‍ ശക്തിയായി ഉന്നയിക്കുമെന്ന് തീര്‍ച്ചയാണ്. കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ ഹിതപരിശോധനയില്‍ ഈ വാദം പരാജയപ്പെട്ടുവെന്നത് വസ്തുതയാണെങ്കിലും പൊതു തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന “സ്വതന്ത്ര സ്‌കോട്‌ലന്‍ഡ്” തന്നെയാണ്.
1992ന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒരു തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കുന്നത് ഇത് ആദ്യമാണ്. തിരഞ്ഞെടുപ്പില്‍ 72- 74ശതമാനം പോളിംഗ് നടന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് 36.9 ശതമാനം വോട്ടാണ്. ലേബര്‍പാര്‍ട്ടിക്ക് 30.5 ശതമാനം വോട്ടും ലഭിച്ചു. സ്ഥാനമൊഴിയുന്ന കാമറൂണ്‍ മന്ത്രിസഭയില്‍ പങ്കാളിയായിരുന്ന ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ പാര്‍ലിമെന്റില്‍ 57 സീറ്റുകളുണ്ടായിരുന്ന ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് കേവലം എട്ട് സീറ്റ് മാത്രമാണ്. പാര്‍ട്ടി നേതാവ് നിക് ക്ലെഗ്ഗ് ഉപപ്രധാനമന്ത്രിയുമായിരുന്നു. ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കും തിരഞ്ഞെടുപ്പിലേറ്റ പ്രഹരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വന്തം നില ഭദ്രമാക്കാന്‍ അവസരം നല്‍കുന്നുണ്ട്. സ്ഥാനമൊഴിയുന്ന മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ജോര്‍ജ് ഒസ്‌ബോണിനെ കാമറൂണ്‍ വീണ്ടും ബ്രിട്ടന്റെ ധനമന്ത്രിയായി നിയമിച്ചത് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടനെ കരകയറ്റുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിച്ച ഒസ്‌ബോണിന് കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യം നല്‍കുകയാണ്. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനവും അദ്ദേഹത്തിന് നല്‍കി. ഈ നടപടികളിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ നിലവിലുണ്ടായിരുന്ന സംശയങ്ങള്‍ പാടെ ദൂരീകരിക്കുകയായിരുന്നു കാമറൂണ്‍. ചെലവ് ചുരുക്കല്‍ നടപടികള്‍ കൂടുതല്‍ വേഗതയില്‍ നടക്കും. സാമൂഹിക ക്ഷേമപദ്ധതികളില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റം ത്വരിതപ്പെടുത്തും. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. തങ്ങളുടെ ഇച്ഛക്ക് വഴങ്ങാത്ത രാഷ്ട്രങ്ങളെ ഭീഷണിയിലൂടെയും ആയുധശക്തിയിലൂടെയും വരുതിയില്‍ നിര്‍ത്താനുള്ള അമേരിക്കന്‍ നയത്തിന് പിന്തുണ തുടരും തുടങ്ങിയ നയനിലപാടുകളില്‍ ബ്രിട്ടന്‍ ഉറച്ച് നില്‍ക്കും.
ബ്രിട്ടീഷ് പാര്‍ലിമെന്റിലെ മൂന്നിലൊന്ന് അംഗങ്ങള്‍ സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ വംശജരായ പത്തുപേര്‍ പാര്‍ലിമെന്റില്‍ അംഗങ്ങളായുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തിന് നേരത്തെതന്നെ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. അതുകൊണ്ട് മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമാണെന്നൊന്നും പറയാനാകില്ല. ഇന്ത്യാ പാക് യുദ്ധകാലത്ത് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഹറോള്‍ഡ് വില്‍സനും തമ്മില്‍ കൊമ്പ് കോര്‍ത്തത് ആരും മറന്ന് കാണില്ല. അടിയന്തര ഘട്ടത്തില്‍ ചൈനക്കെതിരെ പ്രതിരോധത്തിന് ഇന്ത്യ ആയുധങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ നല്‍കാതിരുന്നതും ബന്ധങ്ങള്‍ മോശമാക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ മാറ്റങ്ങള്‍ക്ക് ലോകം വിധേയമായിട്ടും ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടന് ഇപ്പോഴും കോളനി വാഴ്ചയിലാണ് താത്പര്യം. പൂര്‍ണ സ്വാതന്ത്ര്യത്തിനായുള്ള സ്‌കോട്‌ലന്‍ഡിന്റെ മുറവിളിയും അതിന്റെ ഭാഗമാണ്. താമസിയാതെ കാമറൂണ്‍ അഭിമുഖീകരിക്കാനിരിക്കുന്ന പ്രശ്‌നവും അതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ സമാധാനവും സുരക്ഷിതവുമായ ലോകത്തിനായി പ്രവര്‍ത്തിക്കാനും ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണിനാകട്ടെയെന്ന് ആശംസിക്കാം.