യു ഡി എഫ് മേഖലാ ജാഥ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും നേര്‍ക്കു നേര്‍

Posted on: May 10, 2015 6:08 am | Last updated: May 10, 2015 at 12:10 am

UDFതിരുവനന്തപുരം: യു ഡി എഫ് മേഖലാ ജാഥകളെച്ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും നേര്‍ക്കുനേര്‍. നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ ജാഥ നടത്തണമെന്ന് കോണ്‍ഗ്രസ് നിലപാടെടുക്കുമ്പോള്‍ യാത്രയുടെ തീയതി മാറ്റണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. മെയ് 19 മുതല്‍ 25 വരെ ജാഥകള്‍ നടത്താനായിരുന്നു തീരുമാനം. ഇതില്‍ എറണാകുളം മേഖലാ ജാഥക്ക് നേതൃത്വം നല്‍കേണ്ടത് കേരളാ കോണ്‍ഗ്രസാണ്. എന്നാല്‍, ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യു ഡി എഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്-എം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജാഥകള്‍ ബഹിഷ്‌കരിക്കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. ജാഥ നടത്താന്‍ തീരുമാനിച്ചത് കെ പി സി സി അല്ല, യു ഡി എഫ് യോഗമാണ്. യു ഡി എഫ് തീരുമാനിച്ച പരിപാടികളുമായി മുന്നോട്ടുപോകാനാണ് കെ പി സി സിയുടെ ഏകകണ്ഠമായ തീരുമാനം. ജാഥ മാറ്റിവെക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു. ജാഥയില്‍ നിന്നും ആരെങ്കിലും വിട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ഈ വിഷത്തില്‍ മാണി പ്രതികരിച്ചത്
ഇന്നലെ ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തിലും സുധീരന്‍ ജാഥ മാറ്റിവെക്കേണ്ട തീരുമാനത്തില്‍ ഉറച്ചുനിന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല എന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ജാഥയുമായി ബന്ധപ്പെട്ട് ആരുടെയും സമ്മര്‍ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും ജാഥ നടത്തണമെന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരമെന്നും സുധീരന്‍ നിര്‍വാഹകസമിതി യോഗത്തില്‍ വ്യക്തമാക്കി. ഒരു കാരണവശാലും ജാഥകള്‍ മാറ്റിവെക്കരുതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജാഥ മാറ്റിവെച്ചാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.
എന്നാല്‍, കേരളാ കോണ്‍ഗ്രസിന്റെ സമീപനം ബുദ്ധിമുട്ടാകുമെന്നതിനാല്‍ ജാഥ മാറ്റിവെക്കണമെന്ന തരത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിച്ചത്. കോണ്‍ഗ്രസ് മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയാണ്. മുന്നണിയിലെ ഒരു കക്ഷിയോടും വല്യേട്ടന്‍ ചെറിയേട്ടന്‍ മനോഭാവം പുലര്‍ത്തുന്നില്ല. മറ്റു കക്ഷികളുടെ അതിരുവിട്ട സമ്മര്‍ദങ്ങള്‍ക്ക് ഒരുകാരണവശാലും വഴങ്ങില്ല. എന്നാല്‍, ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണും.
അതേസമയം, ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 12ന് യു ഡി എഫ് കക്ഷി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഇതില്‍ കെ എം മാണി പങ്കെടുക്കില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അന്ന് ദുബൈയിലേക്ക് പോകുന്ന കെ എം മാണി അടുത്തയാഴ്ച മാത്രമേ മടങ്ങിയെത്തൂ. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിച്ച് മേഖലാ ജാഥകളില്‍ സഹകരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിനെതിരെ ഉയരുന്ന വിവിധ ആരോപണങ്ങളെ നേരിടുന്നതിന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് ജാഥകള്‍ നടത്താന്‍ കഴിഞ്ഞ 28ന് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനമായത്.