മുരളി കണ്ണമ്പിള്ളി: എഴുപതുകളില്‍ രാഷ്ട്രീയത്തിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധി

Posted on: May 10, 2015 6:04 am | Last updated: May 10, 2015 at 12:07 am

murali-kannambilly-arrest

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍പ്പിച്ച എഴുപതുകളിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയാണ് ഇന്നലെ പൂനെയില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് കെ മുരളി എന്ന മുരളി കണ്ണമ്പിള്ളി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ചോരകൊണ്ട് എഴുതപ്പെട്ട നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ മുന്നേറ്റ നിരയില്‍ മൂര്‍ച്ചയോടെ നിലയുറപ്പിച്ച ഒരാള്‍. സ്ഥാപകന്‍മാര്‍ നക്‌സല്‍ പ്രസ്ഥാനത്തെ കൈയൊഴിഞ്ഞപ്പോഴും സായുധ വിപ്ലവത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച പോരാളിയാണ് മൂന്നര ദശാബ്ദത്തിലധികം നീണ്ട ഒളിപ്പോരിനൊടുവില്‍ പിടിയിരിക്കുന്നത്. നക്‌സല്‍ സംഘടനകളുടെ കൂടപ്പിറപ്പായ അന്തഃഛിദ്രത്തിന്റെയും ഒറ്റിക്കൊടുക്കലിന്റെയും അവസാനത്തെ ഇരകൂടിയായാണ് മുരളി കണ്ണമ്പിള്ളിയും.
കെ വേണു, ടി എന്‍ ജോയി തുടങ്ങി പിന്നീട് നക്‌സലിസത്തോട് വിടപറഞ്ഞ പ്രമുഖരുമായുള്ള അടുപ്പമാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് മുരളിയെ കൊണ്ടുവന്നത്. 1976ല്‍ കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ അങ്ങനെ മുരളിയും പങ്കാളിയായി. ഏഴ് പ്രതികളില്‍ ഒരാളായ മുരളിയെ അന്വേഷിച്ച് ക്യാമ്പസില്‍ എത്തിയ പോലീസ് നക്‌സലൈറ്റെന്ന് സംശയിച്ച് മുരളിയുടെ അടുത്ത സുഹൃത്തായ രാജനെ പിടിച്ചു കൊണ്ടുപോയി കക്കയം ക്യാമ്പില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ചരിത്രം. രണ്ട് ദിവസത്തിന് ശേഷം മുരളിയും പോലീസിന്റെ പിടിയിലായി. കക്കയം ക്യാമ്പിലെ പീഡന പര്‍വം പിന്നിട്ട് ജെയിലില്‍ നിന്ന് പുറത്തിറങ്ങിയ മുരളി സി പി ഐ എം എല്‍ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായി മാറി.
നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരെക്കാളും പ്രത്യയശാസ്ത്രപരമായ തീവ്ര നിലപാടുകളാണ് അക്കാലത്തു തന്നെ മുരളി സ്വീകരിച്ചിരുന്നത്. അദൃശ്യനായിരുന്നാണ് അന്നും മുരളി പ്രവര്‍ത്തിച്ചത്. കെ വേണുവടക്കമുള്ളവര്‍ കുറേകൂടി പരസ്യമായി പ്രവര്‍ത്തിച്ചപ്പോള്‍ മുരളി കണ്ണമ്പിള്ളിയുടെ ജീവിതം അടിയന്തരാവസ്ഥക്ക് ശേഷം എന്നും ഒളിവിലായിരുന്നു. കെ വേണുവും കൂട്ടരും സായുധ വിപ്ലവപാത ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ വഴിത്താരയിലേക്ക് ഇറങ്ങിവന്നപ്പോള്‍ മുരളി ആ നിലപാടിനോട് കടുത്ത വിയോജിപ്പുമായി സായുധ പോരാട്ടത്തിന്റെ കനല്‍വഴികളിലേക്ക് യാത്രയായി.
1980കളില്‍ കെ വേണുവിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട സി ആര്‍ സി സി പി ഐ എം എല്ലിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മുരളി 1991ല്‍ വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ ആദ്യം കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് സി പി ഐ. എം എല്‍ നക്‌സല്‍ബാരിയും രൂപവത്കരിച്ച് വിപ്ലവപാതയില്‍ ഉറച്ചുനിന്നു.
ഭരണകൂട സംവിധാനങ്ങളുമായി സമരസപ്പെട്ട മറ്റ് സി പി ഐ എം എല്‍ ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സായുധ സമരം നെഞ്ചേറ്റിയ മുരളിയുടെ ഗ്രൂപ്പ് ഏറെ കാലം നിശബ്ദമായിരുന്നു. മുരളി എവിടെയെന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ, ഒളിവിലിരുന്ന് മുരളി കേരളത്തില്‍ വിപ്ലവവീര്യമുള്ള ഒരു ചെറു സംഘത്തെ വളര്‍ത്തിയെടുത്തു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് പോരാട്ടം പോലുള്ള സംഘടനകള്‍ ജനകീയ ഇടപെടലുകളുമായി സാന്നിധ്യമറിയിച്ചതിന് പിന്നിലുള്ള ഊര്‍ജസ്രോതസ്സ് മുരളിയായിരുന്നു.
ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ വനമേഖകളില്‍ പ്രവര്‍ത്തനം സജീവമാക്കിയതോടെ ഈ രണ്ട് സായുധ സംഘടനകള്‍ സമാന്തര ധാരകളായി. വൈകാതെ രണ്ട് ഗ്രൂപ്പുകളും സി പി ഐ മാവോയിസ്റ്റ് എന്ന നിരോധിത ദേശീയ സായുധ സംഘടനയില്‍ ലയിച്ചതോടെയാണ് ഇപ്പോള്‍ മുരളി പിടിക്കപ്പെടുന്നതിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം. മുരളിയുടെ നേതൃത്വത്തിലുള്ള നക്‌സലൈറ്റുകള്‍ കഴിഞ്ഞ മെയ് ദിനത്തിലാണ് സി പി ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായത്.
അതോടെ സി പി ഐ മാവോയിസ്റ്റിന്റെ ദേശീയ നേതൃനിരയുടെ ഭാഗമായി മുരളി. അജിത് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ‘വേള്‍ഡ് ടു വിന്‍’ എന്ന അന്താരാഷ്ട്ര മാവോയിസ്റ്റ് മാഗസിനില്‍ അജിത് എന്ന പേരില്‍ സ്ഥിരമായി അദ്ദേഹം എഴുതിയിരുന്നു. അജിത് എന്ന പേരില്‍ നിരവധി മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?’

കൊച്ചി: അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?- മുരളി കണ്ണമ്പിള്ളിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്‍മനാട്ടായ ഇരുമ്പനത്ത് അന്വേഷിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണമിതാണ്.
1970കളുടെ ആദ്യം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥിയായിരുന്ന മുരളി ഏറ്റവുമധികം മാര്‍ക്കോടെ പ്രിഡിഗ്രി പാസായാണ് കോഴിക്കോട് ആര്‍ ഇ സിയില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നത്. നാലാം സെമസ്റ്ററില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങി മുരളി റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. കോഴിക്കോട് ഉപരിപഠനത്തിന് പോയ മുരളി നക്‌സലൈറ്റായി മാറിയത് കണ്ണേമ്പിള്ളി കുടുംബം അവിശ്വസനീയതയോടെയാണ് അറിഞ്ഞത്.
നാട്ടിലെ പ്രബല സമ്പന്ന നായര്‍ കുടുംബത്തിലെ അംഗമായ മുരളി ആര്‍ സി സിയില്‍ ചേര്‍ന്ന കാലത്ത് ഫുള്‍ സ്യൂട്ടിലാണ് കോളജില്‍ വന്നിരുന്നതെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ജെന്നിഫറാണ് മുരളിയുടെ ആദ്യ ഭാര്യ. പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച മുരളിയുടെ മകന്‍ നചികേതസ് ബാംഗളൂരുവില്‍ എന്‍ജിനീയറാണ്. മുന്‍ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ കെ എം കണ്ണാമ്പിള്ളിയുടെ അഞ്ച് മക്കളില്‍ ഇളയവനാണ് മുരളി. കേണല്‍ അച്യുതന്‍ കണ്ണമ്പിള്ളി, ചിത്തിര പ്രസ് ഉടമ ബാലചന്ദ്രന്‍ കണ്ണമ്പിള്ളി, എസ് എഫ് ഐ നേതാവായിരുന്ന വിജയന്‍ കണ്ണമ്പിള്ളി എന്നിവര്‍ സഹോദരന്‍മാരാണ്.