Kerala
സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കെ പി സി സി നിര്‍വാഹക സമിതിയില്‍ പ്രസിഡന്റ് വി എം സുധീരന്‍. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വന്‍ തിരിച്ചടിയുണ്ടാകണമെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഭരണത്തില്‍ ശരിയായ നിലയിലല്ല കാര്യങ്ങള്‍ പോകുന്നതെന്ന നിരീക്ഷണമാണ് നിര്‍വാഹക സമിതിയില്‍ സുധീരന്‍ പങ്കു വെച്ചത്. സര്‍ക്കാറിന്റെ രീതികളില്‍ തിരുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ തിരിച്ചടികള്‍ ഉണ്ടാകും.
സുധീരന്റെ അഭിപ്രായത്തെ രമേശ് ചെന്നിത്തലയും യോഗത്തില്‍ പിന്തുണച്ചു. സര്‍ക്കാറിന്റെ പോക്കിനെകുറിച്ചുള്ള സുധീരന്റെ നിരീക്ഷണവും അതിനുള്ള ചെന്നിത്തലയുടെ പിന്തുണക്കും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രാധാന്യമുണ്ട്.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും കെ പി സി സി പ്രസിഡന്റ് തുറന്നു പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് മാത്രമായി ചില മന്ത്രിമാര്‍ തലസ്ഥാനത്ത് എത്തുന്നുവെന്ന് വിമര്‍ശനമുണ്ടെന്ന് സുധീരന്‍ പറഞ്ഞു. ചില മന്ത്രിമാരുടെ ഓഫീസിനെക്കുറിച്ച് പാര്‍ട്ടിക്കാര്‍ക്ക് പരാതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ കുറഞ്ഞപക്ഷം നാല് ദിവസമെങ്കിലും സെക്രട്ടേറിയറ്റിലുണ്ടാകണമെന്നും ഓഫീസുകളുടെ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമവും സുതാര്യവുമാക്കണമെന്നും കെ പി സി സി നിര്‍ദേശം മുന്നോട്ടു വെച്ചു.
അഴിമതി സംബന്ധിച്ച പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും അത്തരം പരാതി വരാതെ ശ്രദ്ധിക്കണമെന്നും കെ പി സി സിനിര്‍ദ്ദേശം നല്‍കി. ബാര്‍ക്കോഴ കേസില്‍ പൊതുസമൂഹത്തിന് ബോധ്യമാകുന്നതും ആരോപണം ഉറപ്പിക്കുന്നതുമായ തെളിവുകള്‍ ലഭിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സുധീരനും വ്യക്തമാക്കി. എന്നാല്‍ തന്റേത് വിമര്‍ശനമല്ല പോസിറ്റീവായ നിരീക്ഷമമെന്നാണ് സുധീരന്‍ നിര്‍വാഹകസമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.
തദ്ദേശ – സഹകരണസ്ഥാപനങ്ങളില്‍ അഴിമതി വര്‍ധിക്കുന്നതായി പരാതികളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം സുതാര്യമായിരിക്കണം. സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങളുണ്ട്. സ്ഥലംമാറ്റങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡം രൂപീകരിക്കണം. സര്‍വകലാശാലകളില്‍ നിയമനങ്ങള്‍ എത്രയൂം വേഗം പി എസ് സിക്ക് വിടാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഏത് ഭരണം വന്നാലും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ അതേ സ്ഥാനങ്ങളില്‍ തുടരുന്ന പതിവുണ്ട്. അത് നിയന്ത്രിക്കണം. റബ്ബറിന്റെ ഇറക്കുമതി ചുങ്കത്തില്‍ അഞ്ചുശതമാനം വര്‍ധിപ്പിച്ചത് ഗുണകരമാണ്. എന്നാല്‍ അതുകൊണ്ടുമാത്രം പ്രശ്‌നംതീരുന്നില്ല. റബര്‍ ഇറക്കുമതി പൂര്‍ണ്ണമായുംനിര്‍ത്തണം. അതുപോലെ റബര്‍കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ സര്‍ക്കാര്‍ വിളിച്ച് ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. നെല്‍സംഭരണത്തിന്റെ കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നും കെ പി സി സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊതുവിതരണസംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. മാവോയിസ്റ്റുകളെ പിടികൂടിയ നടപടി അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഇവരില്‍ ജനങ്ങള്‍ ആകൃഷ്ടരാകാനുള്ള സാഹചര്യം ഒഴിവാക്കണം. സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആദിവാസി-ദളിത് മേഖലകളില്‍ വന്‍ ചൂഷണമാണ് നടക്കുന്നത്. അത് നിയന്ത്രിക്കണം.
ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അവരുടെ അന്വേഷണം ശരിയായ ദിശയിലുമാണ്. അധികാരസ്ഥാനത്തിരിക്കുന്നവരെന്ന പരിഗണനയില്ലാതെയാണ് അന്വേഷണം. അതില്‍ ആരോപണം ഉറപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ പാര്‍ട്ടി അതിനെ ഗൗരവത്തോടെ കാണും.
അഴിമതിക്കെതിരായ സമരത്തില്‍ ബാലകൃഷ്ണപിള്ളയെ പങ്കെടുപ്പിച്ചതോടെ ഇടതുമുന്നണിയുടെ നിലപാട് എല്ലാവര്‍ക്കും മനസ്സിലായെന്ന് സുധീരന്‍ പറഞ്ഞു. പതിനാറുവര്‍ഷം ബാലകൃഷ്ണപിള്ളക്ക് പിറകെ നടന്ന് അദ്ദേഹം അഴിമതിക്കാരനാണെന്ന് പ്രചരിപ്പിച്ച് ശിക്ഷവാങ്ങിക്കൊടുത്തത് അവരാണ്. ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയപ്പോള്‍ സ്വീകരിച്ചു. വ്യക്തിയധിഷ്ഠിതമാണ് അവരുടെ നിലപാടുകളെന്നും സുധീരന്‍ കുറ്റപ്പെടുത്തി.