ഐ ടി ഡി പി അവഗണന; ആദിവാസി കുടുംബം കഴിയുന്നത് പ്ലാസ്റ്റിക് കുടിലില്‍

Posted on: May 9, 2015 12:41 pm | Last updated: May 9, 2015 at 12:41 pm

കാളികാവ്: ചോക്കാട് നെല്ലിയാംപാടത്ത ജീര്‍ണിച്ച് നിലം പൊത്താറായ വീട്ടില്‍ താമസിക്കാനാവാതെ ആദിവാസി കുടുംബം ദുരിതത്തില്‍. ഐ ടി ഡി പി പദ്ധതിയില്‍ വീട് ലഭിക്കാത്തതിനാലാണ് പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടി ഒടുക്കന്റെ കുടുംബം അന്തിയുറങ്ങുന്നത്. ചോക്കാട് പഞ്ചായത്തിലെ നെല്ലിയാംപാടത്തെ ആദിവാസി കോളനിയിലാണ് അര്‍ബുദ രോഗിയായ ഒടുക്കനും മകനായ സുരേന്ദ്രനും മുതിര്‍ന്ന പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റിനകത്ത് കഴിയുന്നത്.
ഒടുക്കനും ഭാര്യയും മകനായ സുരേന്ദ്രനും കുടുംബവും താമസിക്കുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. വേനല്‍മഴ പതിവില്ലാത്ത ശക്തിയിലായതോടെ വീടിനകം മുഴുവന്‍ വെള്ളമാണ്. അവശനായ പിതാവ് ഒടുക്കന് ചികിത്സക്കുള്ള സംവിധാനം പോലും അധികൃതര്‍ ഒരുക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പല്ല് പറിച്ചതിനെ തുടര്‍ന്ന് വായയില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചിട്ടുള്ള ഒടുക്കന് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. പന്നിക്കോട്ടുമുണ്ടയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മജീദ് വഴി കോളനിയിലെ ദുരിതം പുറത്ത്‌കൊണ്ടുവന്നതോടെയാണ് ഐ ടി ഡി പി ക്കാര്‍ കോളനിയെ കുറിച്ച് അറിയുന്നത്.
തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായ വീടുകളില്‍ അഞ്ച് വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ഒരു മാസം മുമ്പ് രണ്ടര ലക്ഷം വീതം അനുവദിച്ചിരുന്നു. എന്നാല്‍ ഒടുക്കന്‍ അടക്കം കോളനിയിലെ മൂപ്പനായ വെള്ളന്‍, ബാലന്‍ എന്നിവര്‍ക്ക് ഇതേവരെ വീടുകള്‍ ലഭിച്ചില്ല. ഇവരുടെ വീടുകളും പൂര്‍ണമായി ജീര്‍ണിച്ചിട്ടുണ്ട്.