മന്ത്രി ബാബുവിനെതിരെ മൊഴിനല്‍കിയ റസീഫ് മുഹമ്മദ് പോലീസ് സംരക്ഷണം തേടി

Posted on: May 9, 2015 11:59 am | Last updated: May 9, 2015 at 11:59 am

raseef muhammedകൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് എം. റസീഫ് മുഹമ്മദ് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു.
2013 മേയ് 20 ന് ബിജു രമേശിനൊപ്പം മന്ത്രി കെ. ബാബുവിനെ കാണാന്‍ ഓഫീസില്‍ പോയിരുന്നതായും ബാബുവിന്റെ നിര്‍ദേശപ്രകാരം 50 ലക്ഷം രൂപ പ്രൈവറ്റ് സെക്രട്ടറി സുരേഷിന് കൈമാറിയതു കണ്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേക്കുറിച്ച് ഒരു സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തിയതോടെ നിരവധി ഭീഷണി കോളുകള്‍ ലഭിക്കുന്നുവെന്നും വീടിനു സമീപം അപരിചിതര്‍ എത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കണമെന്നും മന്ത്രിയെ രക്ഷിക്കണമെന്നും ഫോണില്‍ പലരും ആവശ്യപ്പെടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി. ഹര്‍ജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടി.