മലയാളം സര്‍വകലാശാലക്ക് സ്വന്തം ഭൂമിയായി

Posted on: May 9, 2015 5:58 am | Last updated: May 8, 2015 at 11:16 pm

mlp- malayalam unviversity landതിരൂര്‍: കാത്തിരിപ്പിനൊടുവില്‍ മലയാളം സര്‍വകലാശാലക്ക് സ്വന്തം ഭൂമിയാകുന്നു. തിരൂര്‍ മാങ്ങാട്ടിരിയില്‍ 17 ഏക്കര്‍ ഭൂമിയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. വെട്ടം വില്ലേജിലെ മാങ്ങാട്ടിരി പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശം മലയാളം സര്‍വകലാശാലക്ക് അനുയോജ്യമാണെന്ന് കണ്ടത്തിയതോടെയാണ് സര്‍ക്കാര്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വകലാശാലക്ക് സ്വന്തമായി ഭൂമി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ മിക്കയിടങ്ങളിലും നാട്ടുകാരുടെ എതിര്‍പ്പ് മൂലം ഭൂമി ഏറ്റെടുക്കല്‍ നടപടി ഉപേക്ഷിക്കേണ്ടി വന്നു. അനുയോജ്യമായ ഭൂമി തരപ്പെടാത്തതും ഭൂമാഫിയകളുടെ കടന്നുകയറ്റവും മൂലം ഏറ്റെടുക്കല്‍ നടപടി നീണ്ടുപോയി.

എഴുത്തച്ഛന്റെ നാമധേയത്തിലുള്ള മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി കുടിയൊഴിപ്പിക്കലില്ലാതെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. കണ്ടെത്തിയ ഭൂമി പുഴയോരത്തുള്ള ഒഴിഞ്ഞ പ്രദേശമായതിനാല്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകളോ പ്രതിഷേധമോ ഇല്ലാതെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കും. വൈസ്ചാന്‍സലര്‍ കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഭൂമി പരിശോധിച്ച ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് വിവരങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്ന് അനുമതി ലഭിച്ചു. ഇനി ജൈവ വൈവിധ്യ ബോര്‍ഡില്‍ നിന്നുമുള്ള അനുമതി പത്രം മാത്രമേ ലഭിക്കാനുള്ളൂ. ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമായാലുടന്‍ ഭൂവുടമകളുമായി ചര്‍ച്ച നടത്തി വില നിശ്ചയിക്കാനും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ പറഞ്ഞു. മാങ്ങാട്ടിരി പാലത്തിന് തെക്ക് വശം സ്ഥിതി ചെയ്യുന്ന വിജനമായ ഭൂമി രേഖയില്‍ വയല്‍, നഞ്ച എന്നിങ്ങനെയാണുള്ളത്. ഇതിനാല്‍ ഈ പ്രദേശത്ത് സര്‍വകലാശാല ആരംഭിക്കുന്നതിന് സര്‍ക്കാറില്‍ നിന്നുള്ള പ്രത്യേക അനുമതി നേരത്തെ കരസ്ഥമാക്കുകയായിരുന്നു.
റവന്യു വകുപ്പില്‍ നിന്നുള്ള നടപടികളും പൂര്‍ത്തിയായി. ആദ്യം സര്‍വകലാശാലക്ക് പച്ചാട്ടിരിയിലും ആതവനാട്ടും ഭൂമി നോക്കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ ഭൂമിയേറ്റെടുക്കല്‍ സ്തംഭിക്കുകയായിരുന്നു. പുതുതായി ഏറ്റെടുക്കുന്ന ഭൂമിയുടെ നടപടിക്രമങ്ങള്‍ രഹസ്യമായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ഉടമകളില്‍ നിന്ന് സമ്മത പത്രം നേരത്തെ ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. മലയാളം സര്‍വകലാശാലയുടെ തുടക്കത്തില്‍ ഭൂമിയേറ്റെടുക്കല്‍ കീറാമുട്ടിയായതോടെ തുഞ്ചന്‍ സ്മാരക ഗവ.കോളജ് ക്യാമ്പസില്‍ അഞ്ചേക്കര്‍ ഭൂമി താത്കാലികമായി ഏറ്റെടുത്ത് സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഇവിടെ നിര്‍മിച്ചിട്ടുള്ള താത്കാലിക കെട്ടിടങ്ങളിലാണ് ഇപ്പോള്‍ ക്ലാസ് നടന്നു വരുന്നത്. 17 ഏക്കര്‍ ഭൂമി സര്‍വകലാശാലക്ക് സ്വന്തമാകുന്നതോടെ രണ്ട് വര്‍ഷത്തിനകം ഇവിടേക്ക് മാറാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.