Alappuzha
സായി കേന്ദ്രങ്ങളില്‍ അഡൈ്വസറി ബോര്‍ഡുകള്‍ ആരംഭിക്കും: ഇന്‍ജേതി ശ്രീനിവാസ്

ആലപ്പുഴ: ആലപ്പുഴ സായി കേന്ദ്രത്തില്‍ നാല് കായിക താരങ്ങള്‍ ആത്മഹത്യാശ്രമം നടത്തുകയും ഒരാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സായി കേന്ദ്രങ്ങളിലും അഡൈ്വസറി ബോര്‍ഡുകള്‍ ആരംഭിക്കുമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജേതി ശ്രീനിവാസ് പറഞ്ഞു.നിലവില്‍ കായിക മേഖലയില്‍ പ്രവര്‍ത്തിക്കാത്ത ഈ രംഗത്തെ പ്രമുഖരുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന അഡൈ്വസറി ബോര്‍ഡ് ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ മാനസിക പിരിമുറുക്കങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ കൗണ്‍സലിംഗ് ഉള്‍പ്പെടെ അതാത് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഡൈ്വസറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുകയാണിതിന്റെ ലക്ഷ്യമെന്ന് സായി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയ ശേഷം ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം മരിച്ച അപര്‍ണയുടെ വീട്ടിലെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച സായി ഡയറക്ടര്‍ ജനറല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായധനം കൈമാറുകയും ചെയ്തു. അപര്‍ണയുടെ മാതാവിന് സായി കേന്ദ്രത്തില്‍ താത്കാലിക ജോലി നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സായി കേന്ദ്രത്തിലെ ജീവനക്കാരില്‍ നിന്ന് തെളിവെടുത്താണ് അദ്ദേഹം മടങ്ങിയത്. സായി കേന്ദ്രത്തിലെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പ്രാഥമിക റിപ്പോര്‍ട്ട് കായികമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.