നാലാമത് അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനം തുടങ്ങി

Posted on: May 8, 2015 8:56 pm | Last updated: May 8, 2015 at 8:56 pm
Shk. Mohammed
നാലാമത് അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: നാലാമത് അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനം ദുബൈയില്‍ തുടങ്ങി. ദുബൈ ഗര്‍ഹൂദിലെ അല്‍ ബുസ്താന്‍ റൊട്ടാന ഹോട്ടലിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം തുടങ്ങിയത്.
ലോകത്തിലെ 75 രാജ്യങ്ങളില്‍ നിന്ന് 2000ലധികം ഭാഷാ പണ്ഡിതര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിന്റെ ഉദ്ഘാടന സംഗമം പ്രൗഡമായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പെടെയുള്ള ഭരണാധികാരികളും മന്ത്രിമാരും ഉള്‍പെട്ട പ്രമുഖരുടെ നിരതന്നെ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയിരുന്നു.
ഏതൊരു ഭാഷയും ഭാഷാ എന്നതിലപ്പുറം ഒരു സംസ്‌കാരത്തിലേക്കുള്ള വാതില്‍ കൂടിയായിരിക്കും. ഏതൊരാള്‍ തന്റെ ഭാഷയെ കയ്യൊഴിയുന്നുവോ അതിലൂടെ അയാള്‍ക്ക് നഷ്ടമാകുന്നത് തന്റെ യഥാര്‍ഥ സംസ്‌കാരം കൂടിയായിരിക്കും. ഈയടിസ്ഥാനത്തില്‍ പുതിയ തലമുറയില്‍ അറബി ഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ഭാഷയെ മറ്റു സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
അറബി ഭാഷയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രൗഢമായ പ്രബന്ധങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ അഥിതികളെല്ലാം സമ്മേളനത്തിന് രക്ഷാകര്‍തൃത്വം നല്‍കുന്ന ശൈഖ് മുഹമ്മദിന് നന്ദിയറിയിച്ചു. മുഹമ്മദ് ബിന്‍ റാശിദ് പ്രഥമ അറബ് ഭാഷാ പുരസ്‌കാര ജേതാക്കള്‍ക്ക് സമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.